മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ മോഷ്ടിച്ച കാറില്‍ പെണ്‍സുഹൃത്തുമായി കറങ്ങിയ യുവാവ് പിടിയിൽ. കാറിന്റെ നമ്പര്‍ മാറ്റിയായിരുന്നു കറക്കം. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പേണ്ടാണത്തു വീട്ടില്‍ അല്‍ സാബിത്ത് (20) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കരുട്ടുകാവ് ഭാഗത്തെ വീട്ടിലെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ജൂലൈ നാലിന് മോഷ്ടിച്ച് തിരുവനന്തപുരത്ത് എത്തിച്ച് രൂപമാറ്റം വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട പെണ്‍സുഹൃത്തും ഒന്നിച്ചായിരുന്നു യാത്രകള്‍. രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി പ്രണയത്തിലായിരുന്ന യുവാവ് ഇവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി. വാഹനത്തിന് വ്യാജ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്
