ലഖ്നൗ: ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിൽ നിന്നും ഒരു യുവാവ് ഭാര്യയ്ക്കെതിരെ തികച്ചും വിചിത്രമായ പരാതിയുമായി അധികൃതരെ സമീപിച്ചു. രാത്രികാലങ്ങളിൽ തന്റെ ഭാര്യ ഒരു വലിയ പാമ്പായി മാറുകയും തന്നെ കടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നാണ് മഹ്മൂദാബാദ് സ്വദേശിയായ മെറാജ് എന്ന യുവാവ് ജില്ലാ മജിസ്ട്രേറ്റിന് മുമ്പാകെ ഉന്നയിച്ച വാദം.
പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്ന ദിനത്തിലാണ്, വൈദ്യുതി, റോഡുകൾ, റേഷൻ കാർഡ് തുടങ്ങിയ സാധാരണ വിഷയങ്ങൾക്കിടയിൽ, മെറാജ് തന്റെ ഭാര്യ നസീമുന്നിനെതിരെയുള്ള ഈ അസാധാരണ പരാതിയുമായി എത്തിയത്. “സാർ, എന്റെ ഭാര്യ രാത്രിയിൽ ഒരു വലിയ പാമ്പായി മാറി എന്നെ കൊത്താൻ ശ്രമിക്കുന്നു,” എന്ന് അദ്ദേഹം മജിസ്ട്രേറ്റിനോട് പറഞ്ഞു.
പലതവണ തന്നെ കൊല്ലാൻ ശ്രമിച്ചെന്നും, ഒരു തവണ കടിയേറ്റെന്നും യുവാവ് ആരോപിക്കുന്നു. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പ് ഉണരുന്നതുകൊണ്ടാണ് താൻ ഓരോ തവണയും രക്ഷപ്പെടുന്നതെന്നാണ് ഇയാളുടെ പക്ഷം. “എന്റെ ഭാര്യ എന്നെ മാനസികമായി പീഡിപ്പിക്കുകയാണ്. ഏത് രാത്രിയിലും ഉറക്കത്തിൽ ഞാൻ കൊല്ലപ്പെട്ടേക്കാം,” എന്നും മെറാജ് ഭയപ്പെടുന്നു.
ഈ അസാധാരണ പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിനോടും പോലീസിനോടുമാണ് സംഭവം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുള്ളത്


