മാന്നാർ: മാന്നാറിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ച് മോചന ദ്രവ്യമായി സ്വർണവും പണവും ആവശ്യപ്പെട്ട കേസിൽ നാലുപേര്‍ അറസ്റ്റിലായി. കോട്ടയം പാമ്പാടി കൂരോപ്പട സ്വദേശി വട്ടോലിക്കൽ വീട്ടിൽ രതീഷ് ചന്ദ്രൻ (44), കോട്ടയം വെസ്റ്റ് വേളൂർ കരയിൽ വലിയ മുപ്പതിൽ ചിറ വീട്ടിൽ നിഖിൽ വി കെ (38), കോട്ടയം വെസ്റ്റ് വേളൂർകരയിൽ കൊച്ചു ചിറയിൽ വീട്ടിൽ മനു കെ ബേബി (34), കോട്ടയം പാമ്പാടി കൂരോപ്പട കണമല വീട്ടിൽ സഞ്ജയ് സജി (27) എന്നിവരാണ് അറസ്റ്റിലായത്.
മാന്നാർ കുരട്ടിക്കാട് മഞ്ഞിപ്പുഴ വീട്ടിൽ പ്രശാന്ത് (35)നെ പ്രതികൾ ജോലി നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മോചന ദ്രവ്യമായി സ്വർണവും പണവും ആവശ്യപ്പെട്ട് ക്രൂര മർദനത്തിന് ഇരയാക്കുകയായിരുന്നു. ഒന്നാം പ്രതി രതീഷ് ചന്ദ്രൻ കുറച്ച് നാളുകൾക്ക് മുൻപ് മാന്നാറിൽ താമസക്കാരനായിരുന്നു. അങ്ങനെയുള്ള പരിചയത്തിലാണ് ഏപ്രിൽ 10നാണ് പ്രശാന്തിനെ ജോലി.
പ്രശാന്ത് വീട്ടിൽ തിരിച്ച് എത്താത്തതിനെ തുടർന്ന് പിതാവ് മാന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് പ്രശാന്തിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തിയത്. പോലീസ് അന്വേഷണം അറിഞ്ഞ പ്രതികൾ പ്രശാന്തിനെ കോട്ടയത്ത് വഴിയിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു.
ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നിർദേശ പ്രകാരം മാന്നാർ പൊലീസ് ഇൻസ്പെക്ടർ രജീഷ്കുമാർ. ഡിഎസ്ഐ അഭിരാം സി എസ്, ഗ്രേഡ് എസ്ഐ സുദീപ് എ എസ്ഐ റിയാസ്, സീനിയർ സിപിഒ മാരായ അജിത്, സാജിദ്, ശ്രീകുമാർ, ഷഹാസ്, സിപിഒ മാരായ ഹരിപ്രസാദ്, അജിത്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാറും പോലീസ് പിടികൂടി
