ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുടയിൽ രാസ ലഹരിയുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപറമ്പിൽ വീട്ടിൽ ഫഹദ് ആണ് അറസ്റ്റിലായത്. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച് കടത്തിയ എംഡിഎംഎയാണ് യുവാവിൽ നിന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 52 പാക്കറ്റുകളിലായി 245.72 ഗ്രാം എംഡിഎംഎയാണ് രഹസ്യ അറയിൽ ഉണ്ടായിരുന്നത്.
5 ഗ്രാം വീതം തൂക്കമുള്ള ചെറു പാക്കറ്റുകളായി നിറച്ച നിലയിലായിരുന്നു ലഹരി. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ മദ്യ ലഹരിയിൽ മനുഷ്യ ജീവന് അപകടം വരത്തക്ക വിധം കാർ ഓടിച്ച കേസിലെ പ്രതിയാണ് 32കാരനായ ഫഹദ്.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ബത്തേരിയിൽ വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എംഡിഎംഎ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലായിരുന്നു. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങാന്‍ ഗൂഢാലോചന നടത്തുകയും പണം നല്‍കുകയും ചെയ്ത മലപ്പുറം സ്വദേശികളായ കോട്ടൂര്‍ ചീനിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ്(45), കോട്ടക്കല്‍ കാരക്കാട്കുന്നുമ്മല്‍ വീട്ടില്‍ കെ.എം. റാഷിദ്(28) എന്നിവരെയാണ് ബത്തേരി പൊലീസ് വെള്ളിയാഴ്ച കോട്ടക്കലില്‍ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 22-ാം തീയ്യതി രാവിലെ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വെച്ച് കോട്ടക്കല്‍ വെസ്റ്റ് വില്ലൂര്‍ കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന് പിടികൂടിയ സംഭവത്തിലാണ് കൂടുതല്‍ അറസ്റ്റ്.


