തേവലക്കര : സർക്കാർ മദ്യ വിതരണ ശാലയിൽ നിന്ന് പതിവായി മദ്യക്കുപ്പികൾ മോഷ്ടിച്ചിരുന്ന യുവാവ് പിടിയിൽ. തേവലക്കര സ്വദേശി ശരത്താണ് അറസ്റ്റിലായത്. ചവറ തെക്കുംഭാഗം പോലീസാണ് പ്രതിയെ പിടികൂടിയത്. തെക്കുംഭാഗത്തെ പ്രീമിയം ബിവറേജസ് ഔട്ട്‌ലെറ്റിലാണ് പ്രതി പതിവായി മോഷണം നടത്തിയത്.
ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധനയിൽ ഓരോ ദിവസവും മദ്യക്കുപ്പികളുടെ എണ്ണത്തിൽ കുറവ് വരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇത് പതിവായതോടെ സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് ശരത്ത് മദ്യം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
ഉപഭോക്താക്കൾക്ക് സ്വയം മദ്യം തിരഞ്ഞെടുക്കാവുന്ന ‘സെൽഫ് ഹെൽപ്പ്’ സൗകര്യം മുതലെടുത്തായിരുന്നു പ്രതിയുടെ മോഷണം. ഔട്ട്‌ലെറ്റിൽ കയറി മദ്യം തിരഞ്ഞെടുക്കുന്നതിനിടെ കുപ്പികൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തിൽ 40 കുപ്പികളാണ് പ്രതി പലതവണകളിലായി മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


