Headlines

ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് വിൽപ്പന; തിരുവനന്തപുരത്ത് 1.1 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

തിരുവനന്തപുരം: മുല്ലശേരിയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാക്കൾ പിടിയിൽ. മുട്ടത്തറ പള്ളം അബു മൻസിലിൽ അബുതാഹിർ ( 30) കൊഞ്ചിറ പാറപ്പൊറ്റ ലക്ഷ്മി ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന മിഥുൻ (31) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഓട്ടോറിക്ഷയിൽ കറങ്ങിനടന്ന് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു യുവാക്കൾ.


നെടുമങ്ങാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രവീണും സംഘവും ചേർന്നാണ് ഇരുവരെയും പിടികൂടിയത്. കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെ മുല്ലശേരി പൊയ്പ്പാറ വച്ചാണ് എക്സൈസ് ഇരുവരെയും പിടികൂടിയത്. തുടർന്ന് എക്സൈസ് സംഘം ഇവരുടെ വാഹനം വിശദമായി പരിശോധിക്കുകയായിരുന്നു.

ഇതിൽ നിന്നും ആണ് 1100 ഗ്രാം കഞ്ചാവ് ലഭിച്ചത്. നിരവധി മയക്കുമരുന്ന്- ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ അബുതാഹിർ എന്ന് എക്സൈസ് സംഘം അറിയിച്ചു. ഇതിനുമുൻപും കഞ്ചാവ് കടത്തിയതിന് ഇവരെ പിടികൂടിയിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി. പതിനാല് ദിവസത്തേക്ക് പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മറ്റൊരു സംഭവത്തിൽ ഇന്നലെ കോഴിക്കോട് വടകര സഹകരണ ആശുപത്രിക്ക് സമീപത്തെ പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. റോഡരികിലെ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്ത് ഇന്ന് രാവിലെയാണ് ചെടികൾ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നിയ പരിസരവാസികൾ ഉടൻതന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഇവ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് ഇവ വേരോടെ പിഴുതെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.

കുറച്ചുദിവസങ്ങൾക്ക് മുൻപ് പറമ്പ് നികത്താനായി ഇവിടെ മണ്ണ് ഇറക്കിയിരുന്നു. ഈ മണ്ണിലുണ്ടായിരുന്ന വിത്തുകൾ മുളച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് കൂടുതൽ ചെടികൾ ഉണ്ടോ എന്നറിയാൻ പോലീസ് പരിസരമാകെ വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല. മണ്ണ് കൊണ്ടുവന്ന സ്രോതസ്സിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: