ചിറയിൻകീഴ്: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കല്ലമ്പലം കരവാരം വടവോട്ടുകാവ് ക്ഷേത്രത്തിനു സമീപം കിഴക്കേ കോവിലഴികത്ത് അഖിലേഷ് (25), ആറ്റിങ്ങൽ വേളാർക്കുടി കുന്നുംപുറത്ത് ജയരാജ് (35), ചിറയിൻകീഴ് അടീക്കലം കാവുവിള വ്യാസൻ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുൻവൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേശിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. ദിനേശിനോടുള്ള വിരോധം കാരണം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപം നിന്ന ദിനേശിനെ പ്രതികൾ ഇരുമ്പുകമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷ്, സബ് ഇൻസ്പെക്ടർമാരായ ഷജീർ, എ. ശ്രീകുമാർ, എസ്.സി.പി.ഒമാരായ ബിനു, സുമേഷ് എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
മറ്റൊരു സംഭവത്തിൽ അഞ്ചലിൽ അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ തലക്ക് മുറിവേറ്റ ഗൃഹനാഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർച്ചൽ വിഷ്ണുവിലാസത്തിൽ എസ്. വിജയനാണ്(55) പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 11ഓടെ ഏരൂർ നെട്ടയത്ത്കോണത്താണ് സംഭവം. വിജയന്റെ അയൽവാസിയായ ആർച്ചൽ സ്നേഹഭവനിൽ ബിജു (45) വുമായാണ് സംഘട്ടനം നടന്നത്.
പിക്കപ്പ് വാനുമായി ഓട്ടം പോയ ബിജുവിനെ ഇരുചക്രവാഹനത്തിൽ പിന്തുടർന്ന വിജയൻ നെട്ടയത്ത്കോണത്തുവെച്ച് തടഞ്ഞുനിർത്തി വാഹനത്തെയും ബിജുവിനെയും ആക്രമിച്ചു. ഇതേത്തുടർന്ന് ബിജു വാഹനത്തിലുണ്ടായിരുന്ന ലിവർ എടുത്ത് വിജയനെ തിരിച്ചാക്രമിച്ചു. തലക്കും കാൽമുട്ടിനും പരിക്കേറ്റ നിലയിൽ നാട്ടുകാർ വിജയനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


