ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖനെ പാര്‍ട്ടിയില്‍ നിന്ന് തരംതാഴ്ത്താന്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ


തൃശ്ശൂർ : ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി എൻ വി വൈശാഖനെ പാർട്ടിയിൽ നിന്നും തരം താഴ്ത്താൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ.തരംതാഴ്ത്താനുള്ള ശുപാര്‍ശയില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി.സിപിഎം കൊടകര ഏരിയാ കമ്മിറ്റിയംഗമാണ് നിലവില്‍ വൈശാഖന്‍. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്താനാണ് തീരുമാനം. ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ലാ സെക്രട്ടറിയുമായ വൈശാഖാന്റെ പാർട്ടി ഏരിയാ കമിറ്റി അംഗം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തും.

കഴിഞ്ഞ ദിവസം ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം എന്‍വി വൈശാഖനെതിരായ പരാതി ചര്‍ച്ച ചെയ്തിരുന്നു. നേരത്തേ തന്നെ വൈശാഖനെതിരെ സിപിഎം നടപടിയെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ ജില്ലാ ജാഥയുടെ ക്യാപ്റ്റനായിരുന്ന വൈശാഖനെ സ്ഥാനത്ത് നിന്ന് നീക്കിയതായിരുന്നു ആദ്യത്തെ നടപടി. ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയായ ഇദ്ദേഹത്തോട് നിര്‍ബന്ധിത അവധിയില്‍ പോകാനും പാർട്ടി ആവശ്യപ്പെട്ടു. ചാനല്‍ ചര്‍ച്ചകളില്‍ സിപിഎമ്മിന്റെ ശക്തമായ മുഖവും സജീവ സാന്നിധ്യവുമായിരുന്ന വൈശാഖനെതിരായ പരാതി പൊലീസിന് കൈമാറാന്‍ സിപിഎം തയ്യാറാകണമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസിന്റെയടക്കം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ഏതെങ്കിലും അംഗം തെറ്റ് ചെയ്തുവെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നടപടികള്‍ തെറ്റുകള്‍ തിരുത്തിക്കാനാണെന്നും സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അച്ചടക്ക നടപടിക്ക് വിധേയരായവര്‍ പിന്നീട് തെറ്റ് തിരുത്തി പാര്‍ട്ടിയിലേക്ക് വന്നിട്ടുള്ളതിന്റെ ധാരാളം അനുഭവങ്ങള്‍ ജില്ലയിലുണ്ട്. അച്ചടക്ക നടപടിയെ ചാരി സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാല്‍ വിലപ്പോവില്ല. ശക്തമായ എതിരാളികളുടെയും മാധ്യമപ്രഭുക്കളുടെയും കടന്നാക്രമണങ്ങളെ ചെറുത്താണ് സിപിഎം തൃശ്ശൂര്‍ ജില്ലയില്‍ വളര്‍ന്നത്. വലത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമെന്ന് പറഞ്ഞിരുന്ന ജില്ലയില്‍ 13ല്‍ പന്ത്രണ്ട് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ലഭിച്ച ജനകീയ സ്വീകാര്യത കൊണ്ടാണെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: