മലപ്പുറം: രാസലഹരിയുമായി പിടികൂടിയ യുവാവ് താനൂരിൽ പൊലീസ് കസ്റ്റഡിയിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എസ്ഐ ഉൾപ്പെടെ എട്ടുപൊലീസുകാർക്ക് സസ്പെൻഷൻ. തിരുരങ്ങാടി മമ്പുറം മൂഴിക്കൽ പുതിയ മാളിയേക്കൽ താമിർ ജിഫ്രി (30) ആണ് മരിച്ചത്. ഇന്നലെ പുലച്ചെയായിരുന്നു സംഭവം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ചതവുകളടക്കം 13 പാടുകൾ കണ്ടെത്തിയിരുന്നു.
അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്.
താനൂർ ദേവധാർ മേൽപാലത്തിനു സമീപത്തു വച്ച് ഇന്നലെ പുലർച്ചെ 1.45നാണ് ഇയാളെ താനൂർ പൊലീസ് പിടികൂടിയത്. 18 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

