Headlines

അതിര്‍ത്തി കടന്ന് ശിങ്കാരി പെരുമ, നെടുമങ്ങാടിന്റെ വിജയതാളമായി ‘രുദ്രതാളം

നെടുമങ്ങാട് :വനിതകള്‍ക്ക് ഒരു വരുമാനമാര്‍ഗമെന്ന നിലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം നല്‍കിയ പദ്ധതി, ഇപ്പോള്‍ അതിര്‍ത്തികള്‍ പിന്നിട്ട് സ്ത്രീമുന്നേറ്റത്തിന്റെ പെരുമ വിളിച്ചോതുകയാണ്. നിറചിരിയോടെ ഒരേ താളത്തില്‍ കൊട്ടിത്തിമിര്‍ക്കുന്ന വനിതാ കാലാകരികള്‍ നാട്ടിലെ സ്ഥിരം കാഴ്ചയാണ്. ‘രുദ്രതാളം’ എന്ന പേരില്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ശിങ്കാരി മേളം ടീം ഇപ്പോള്‍ നാടിന്റെയാകെ താളമായി മാറിയിരിക്കുന്നു. നൂറിലധികം പരിപാടികള്‍ അവതരിപ്പിച്ച് കൊട്ടിത്തെളിഞ്ഞ സംഘം, ഇപ്പോള്‍ തമിഴ്നാട്ടിലും കലാവിരുന്നൊരുക്കുകയാണ്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട്, കേട്ടുപഴകിയ സ്വയംതൊഴില്‍ പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി ശിങ്കാരി മേളം ടീം എന്ന പുതിയ ആശയം ബ്ലോക്ക് പഞ്ചായത്ത് 2017ലാണ് നടപ്പാക്കുന്നത്. പദ്ധതി വിജയത്തിലെത്തിക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് കടമ്പകളേറെയായിരുന്നു. ആദ്യം അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി ശിങ്കാരിമേളം പഠിക്കാന്‍ താത്പര്യമുള്ള 33 വനിതകളെ കണ്ടെത്തി. തുടര്‍ന്ന് ശിങ്കാരിമേളം കലാകാരന്‍ മുരളീധരന്‍ നായരുടെ കീഴില്‍ കരകുളം ഗ്രാമീണ പഠനകേന്ദ്രത്തില്‍ ഒരു വര്‍ഷം നീണ്ട പരിശീലനം. പരിശീലനം നേടിയവരില്‍ നിന്നും 23 പേരെ ടീമിനായി തെരഞ്ഞെടുത്തു. അവര്‍ക്കായി വാദ്യോപകരണങ്ങളും യൂണിഫോമും ബ്ലോക്ക് പഞ്ചായത്ത് നല്‍കി.

2018ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പരിപാടികളിലൂടെ സാന്നിധ്യം അറിയിച്ച ശിങ്കാരി മേളം സംഘത്തിന്റെ വളര്‍ച്ചയും ദ്രുതഗതിയിലായിരുന്നു. പ്രദേശത്തെ ഉദ്ഘാടന ചടങ്ങുകള്‍ക്കും വിവാഹങ്ങള്‍ക്കുമെല്ലാം സ്ഥിരംസാന്നിധ്യമായി ഈ വനിതാ സംഘം മാറി. ആഘോഷങ്ങള്‍ക്ക് മുന്‍പന്തിയില്‍ കൊട്ടും മേളവുമായി വനിതാ ശിങ്കാരി മേളം ഇടംപിടിച്ചു.

ഒരുപജീവനമാര്‍ഗം എന്നതിലുപരി ശിങ്കാരി മേളം ഇപ്പോള്‍ ഈ വനിതകളുടെ ജീവന്റെ താളം കൂടിയാണ്. ശിങ്കാരിമേളം കലാകാരികളെന്ന വിശേഷണം ഇവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നുണ്ട്. ശിങ്കാരി മേളം കലാരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി അങ്ങനെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ശ്രദ്ധനേടി. തമിഴ്നാട്ടില്‍, അതിര്‍ത്തി പ്രദേശമായ മാര്‍ത്താണ്ഡത്തുള്‍പ്പെടെ മൂന്ന് പരിപാടികളിലാണ് സംഘം പങ്കെടുത്തത്. പരിപാടികളിലൂടെ ലഭിക്കുന്ന വരുമാനം ബ്ലോക്ക് പഞ്ചായത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. വിശേഷാവസരങ്ങളില്‍ സംഘാംഗങ്ങള്‍ പണം പിന്‍വലിക്കും. നാല്‍പതിനായിരം രൂപ വരെ വരുമാനമായി ലഭിച്ചവരും സംഘത്തിലുണ്ട്.

രുദ്രതാളത്തിന്റെ വിജയത്തിന്റെ ചുവടുപിടിച്ച് രണ്ടാമത്തെ സംഘവും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പട്ടികജാതി,പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍, ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അരങ്ങേറ്റം. ഇത്തവണ 18 വനിതകളാണ് സംഘത്തിലുള്ളത്. പ്രസൂദ് എസ്.പി ഗുരുകൃപയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിച്ചത്.

ഗ്രാമപ്രദേശത്തെ സ്ത്രീകള്‍ക്ക് വരുമാനത്തിനൊപ്പം ആദരവ് നേടാനും അവരുടെ കഴിവുകള്‍ പുറംലോകത്തെത്തിച്ച് ആത്മവിശ്വാസത്തോടെ ജീവിക്കാനും പദ്ധതിയിലൂടെ സാധിച്ചുവെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: