മംഗളുരു: വന്ദേമാതരം ആലാപന വിവാദത്തില്‍ സോണിയാ ഗാന്ധിയ്ക്കെതിരെ പരാതി നല്കി ബിജെപി നേതാവ്. മംഗളുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതി നല്‍കിയത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. വന്ദേമാതരം ആലപിക്കുന്നതിന് ഇടയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു കൊണ്ട് ബിജെപി നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.
വന്ദേമാതരം തടസപ്പെടുത്താന്‍ ശ്രമിച്ചതില്‍ സോണിയക്കെതിരെ അതൃപ്തി പരസ്യമാക്കി വിശ്വ ഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ നടപടി രാജ്യത്തിന് നാണക്കേടായെന്നും വന്ദേമാതരം പാടി തീരാനെടുക്കുന്ന സമയം വരെ അവര്‍ക്ക് കാത്തിരിക്കാമെന്നുമാണ് വിഎച്ച്പി വക്താവ് സുരേന്ദ്ര ജെയിന് പ്രതികരിച്ചത്.
അതിനിടെ സേവാദള്‍ അധ്യക്ഷന്‍ ബി വി ശ്രീനിവാസും മുന്‍ അധ്യക്ഷന്‍ ലാല്‍ ദേശായിയും വന്ദേമാതരം മുഴുവൻ പാടിയതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് വാക്കാല്‍ വിശദീകരണം നല്കി. ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദേശം ഗായക സംഘത്തിന് നല്കാന് വിട്ടുപോയെന്നാണ് വിശദീകരണമായി നല്‍കിയതെന്നാണ് സൂചന.
വന്ദേ മാതരം ആലപിക്കുന്നതിനിടയില്‍ സോണിയാ ഗാന്ധി തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ തത്സമയം തന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്കായി കസേര കൊണ്ടുവരാന്‍ സോണിയ ആവശ്യപ്പെടുകയായിരുന്നു എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് അടക്കം മാധ്യമങ്ങളോട് വിശദീകരിച്ചത്. വന്ദേമാതരത്തെ രാഹുല്‍ അടക്കം അവഹേളിച്ചുവെന്ന് കാട്ടി നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പരാതി നല്കാന് സാധ്യതയുണ്ട്. ദേശീയഗീതത്തെ അപമാനിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വരെ ലഭിക്കാമെന്നതാണ് പുതിയ നിയമം.


