തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുസംഘം തിരുവനന്തപുരത്തെ വനിതാ ഡോക്ടറുടെ 87 ലക്ഷം രൂപ തട്ടിയെടുത്തു. ഓൺലൈൻ ഓഹരി ഇടപാടിലൂടെ വൻതുക ലാഭം നേടാനാകുമെന്ന് വിശ്വസിപ്പിച്ചാണ് സംഘം പണം തട്ടിയെടുത്തത്. ഒരു മാസത്തിനിടെയാണ് ഡോക്ടറിൽ നിന്നും വൻതുക സംഘം കൈക്കലാക്കിയത്. വനിതാ ഡോക്ടറുകെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തായിരുന്നു വനിതാ ഡോക്ടറും കുടുംബവും. അടുത്തിടെയാണ് ഇവർ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് തട്ടിപ്പുസംഘം ഇവരുമായി ബന്ധപ്പെട്ടതും വൻ തുക അടിച്ചുമാറ്റിയതും. ഓൺലൈനിലൂടെ ഡോകടർ ഇടപാടുകൾ നടത്താറുണ്ട്. ഇത് മനസ്സിലാക്കിയാണ് തട്ടിപ്പു സംഘം ഇവർക്കായി വലവിരിച്ചത്.
കഴിഞ്ഞ മാസം ആദ്യം വാട്ട്സ് ആപ്പില്‍ ഓൺലൈനിൽ ഓഹരി ഇടപാടിലൂടെ വന്‍ തുക ലാഭം കൊയ്യാമെന്ന് കാട്ടി സന്ദേശം എത്തി. ഇതിനായി ZERODHA എന്ന മൊബൈല്‍ ആപ്പ്ലിക്കേഷന്‍ ഡൗൺലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. തട്ടിപ്പു സംഘവുമായി നേരിട്ട് സംസാരിക്കാതെ വാട്സ് അപ്പ് വഴി മാത്രമായിരുന്നു സന്ദേശങ്ങൾ. ആപ്പ് ഇൻസ്റ്റാൾ ചെയത ശേഷം ആദ്യം 5 ലക്ഷം രൂപ അടച്ചു. പ്രമുഖ കമ്പനികളുടെ ഓഹരികൾ നൽകുമന്നായിരുന്നു വാഗ്ദാനം.
താമസിയാതെ ഡോക്ടറുടെ അക്കൗണ്ടിലേക്ക് ലാഭവിഹിതമായി ഒരു ലക്ഷം രൂപ എത്തി. ഇതോടെ സംഘത്തെ വിശ്വസിച്ച ഡോക്ടർക്ക് മുന്നിൽ കൂടുതൽ വാഗ്ദാനങ്ങളും എത്തി. കൂടുതൽ ഓഹരികൾ വാഗ്ദാനം ചെയ്ത് പല തവണകളായി ഡോക്ടറിൽ നിന്ന് തട്ടിപ്പ് സംഘം 87 ലക്ഷം രൂപ വാങ്ങി. വാലറ്റിൽ അതനുസരിച്ച് ലാഭവിഹിതം കാണിക്കുകയും ചെയ്തു. എന്നാൽ പണം പിൻവലിക്കാനായില്ല. പണം ചോദിക്കുമ്പോൾ ഇൻഷുറൻസ് ഇനത്തിലും മറ്റുമായി പണം അടച്ചാലെ തുക പിൻവലിക്കാനാകൂ എന്നായിരുന്നു മറുപടി.
ലാഭവിഹിതത്തില്‍ നിന്നും ഈടാക്കാൻ പറഞ്ഞെങ്കിലും സമ്മതിച്ചില്ല. ഇതോടെ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ഡോക്ടർ സൈബർ പൊലീസില്‍ പരാതി നൽകുകയായിരുന്നു. പല ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് സംഘം പണം സ്വീകരിച്ചത്. ഒരോ തവണ പണം വാങ്ങുമ്പോഴും പുതിയ അക്കൗണ്ട് നമ്പറുകൾ അയക്കുന്ന രീതിയാണ് സ്വീകരിച്ചത്. ഇന്ത്യയിലും വിദേശത്ത് നിന്നും സംഘം ഈ അക്കൌണ്ടുകളിൽ നിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്.


