അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ക്രിസ്മസ് ആശംസയുമായി സുനിത വില്യംസും ബുച്ച് വിൽമോറും മറ്റ് ബഹിരാകാശ സഞ്ചാരികളും. ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തെ കുറിച്ചും ക്രിസ്മസ് ഓർമകളെ കുറിച്ചും ഇവർ സംസാരിക്കുന്ന വീഡിയോ നാസ പുറത്തു വിട്ടിരിക്കുകയാണ്.
‘ക്രിസ്മസ് അവധിക്കാലത്തിനായി ഞങ്ങൾ തയ്യാറെടുക്കുന്നതിനിടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക് നിങ്ങൾക്ക് സ്വാഗതം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലുള്ള ഞങ്ങളുടെ കുടുംബവുമായി സമയം ചിലവഴിക്കാനാവുന്ന നല്ല നേരമാണിത്. ഇവിടെയുള്ള ഞങ്ങൾ ഏഴുപേരും ഒരുമിച്ച് കമ്പനി ആസ്വദിക്കാൻ പോവുകയാണ്’, സുനിതാ വില്യംസ് പറഞ്ഞു. അവധികാലത്ത് എല്ലാവരും ഒത്തുചേരുന്നതും അതിനായുള്ള തയ്യാറെടുപ്പും കാത്തിരിപ്പുമാണ് ക്രിസ്‌മസ് ആഘോഷങ്ങളിൽ തനിക്ക് ഏറ്റവും ഇഷ്‌ട്ടമുള്ളതെന്നും സുനിത കൂട്ടിച്ചേർത്തു.
സ്‌പേസ് എക്‌സ് ക്രൂ9 പേടകം ഭൂമിയിൽ നിന്നും തിരിക്കുമ്പോൾ ഇവർക്കാവശ്യമായ വസ്‌തുക്കളും, ഭക്ഷണവും, കൂടാതെ ക്രിസ്‌മസും പുതുവത്സരവും ആഘോഷിക്കുന്നതിനുള്ള സാധനങ്ങളും സമ്മാനങ്ങളും അയച്ചിരുന്നു. ഇവ ഉപയോഗിച്ചാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ക്രിസ്‌മസ് ആഘോഷങ്ങൾക്കായി അലങ്കരിച്ചത്.
ഈ വര്‍ഷം ജൂണ്‍ അഞ്ചിനാണ് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്ന ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോകുകയായിരുന്നു.


