ലഖ്നൗ: ഉത്തർപ്രദേശിലെ സീതാപുരിൽ നിന്നുള്ള കോൺഗ്രസ് എം.പി. രാകേഷ് റാത്തോഡ് ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിൽ. സ്വവസതിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയാണ് എം.പിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി നാലുവർഷമായി രാകേഷ് റാത്തോഡ് തന്നെ ലൈംഗികപീഡനത്തിനിരയാക്കി വരുന്നതായി ജനുവരി 17 ന് ഒരുയുവതിയിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. റാത്തോഡിന്റെ മുൻകൂർ ജാമ്യഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.
നാല് വർഷത്തിനുശേഷമാണ് പരാതിക്കാരി കേസ് നൽകിയതെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും റാത്തോഡിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് രാജേഷ് സിങ് ചൗഹാന്റെ സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ നിരസിക്കുകയും രണ്ടാഴ്ചക്കുള്ളിൽ സെഷൻസ് കോടതിയ്ക്ക് മുമ്പാകെ ഹാജരാകാൻ നിർദേശിക്കുകയുമായിരുന്നു.
ജനുവരി 17 ന് പരാതി ലഭിച്ചയുടനെ പോലീസ് റാത്തോഡിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. മൂന്ന് ദിവസത്തിനുശേഷം എം.പിയുടെ അഭിഭാഷകർ എം.പി.-എം.എൽ.എ. കോടതിയിൽ മുൻകൂർജാമ്യം തേടി ഹർജി സമർപ്പിച്ചു. എന്നാൽ ജനുവരി 23 ന് ഹർജി കോടതി തള്ളിയിരുന്നു.


