അരിസോണ: മരണ ശേഷം നമുക്ക് എന്ത് സംഭവിക്കും എന്ന് നിങ്ങൾക്കറിയാമോ? കാലങ്ങളായി മനുഷ്യൻ ഉത്തരം തേടുന്ന ഒരു ചോദ്യമാണിത്. ആത്മാവ് എന്നൊന്നുണ്ട് എന്നും പുനർജന്മം ഉണ്ടെന്നും വിശ്വസിക്കുന്ന മനുഷ്യരുണ്ട്. മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്ന് മതങ്ങൾ പല വ്യഖ്യാനങ്ങളും നൽകുന്നുണ്ട് എങ്കിലും അവയൊന്നും ഇന്നുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ആത്മാവ് എന്നൊന്നുണ്ടോ എന്ന കാര്യത്തിലും ശാസ്ത്രലോകത്തിന് ഒരുറപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മരണാനന്തരം എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്തിയെന്നാണ് ഒരുസംഘം ഗവേഷകർ ഇപ്പോൾ അവകാശപ്പെടുന്നത്. ആത്മാവുണ്ടെന്നും മരണസമയത്ത് ഈ ആത്മാവ് ശരീരം വിട്ട് പോകുന്നുവെന്നുമാണ് അമേരിക്കയിലെ അരിസോണ സർവ്വകലാശാലയിലെ ഗവേഷകർ ഇപ്പോൾ പറയുന്നത്.
അരിസോണ സർവ്വകലാശാലയിലെ അനസ്തീഷ്യാ വിദഗ്ദ്ധനായ ഡോ.സ്റ്റുവർട് ഹാമറോഫാണ് ഇത് സംബന്ധിച്ച പ്രധാനപ്പെട്ട വെളിപ്പെടുത്തലുകളും കണ്ടെത്തലുകളും വിശദീകരിച്ചിരിക്കുന്നത്. മനുഷ്യന് ആത്മാവ് എന്നൊന്ന് ഉണ്ടെന്ന സൂചനകളാണ് ഇദ്ദേഹം നൽകുന്നത്. മരിക്കുമ്പോൾ മനുഷ്യന്റെ തലച്ചോറിൽ നിന്ന് ഒരു പ്രത്യേക തരം എനർജി പുറത്തേക്ക് പ്രവഹിക്കുന്നു എന്നാണ് ശാസ്ത്രജ്ഞൻമാർ കണ്ടെത്തിയിരിക്കുന്നത്. ആത്മാവ് ശരീരത്തെ വിട്ടുപോകുന്നതാകാം ഇതെന്നാണ് ഗവേഷകർ പറയുന്നത്.
ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച രോഗികളുടെ തലച്ചോറിൽ നടത്തിയ ഗവേഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്. അതീവ ഗുരുതരമായ രീതിയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചില രോഗികളുടെ തലച്ചോറിൽ അവരുടെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ നീക്കം ചെയ്യുന്നതിന് മുമ്പ് സെൻസറുകൾ സ്ഥാപിച്ചാണ് ഗവേഷകർ ആത്മാവിനെ സംബന്ധിച്ച പഠനം നടത്തിയത്.
രോഗികളുടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും നിലച്ചതിന് ശേഷമുള്ള പ്രവർത്തനങ്ങളാണ് നിരീക്ഷിച്ചത്. അപ്പോഴാണ് മരിക്കുമ്പോൾ മരിച്ചവരുടെ തലച്ചോറിൽ നിന്ന് ഒരു പ്രത്യേക തരം എനർജി പുറത്തേക്ക് പ്രവഹിക്കുന്നതായി കണ്ടെത്തിയതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ഒന്നുകിൽ മരണത്തോട് അടുത്ത അവസ്ഥയോ അല്ലെങ്കിൽ ആത്മാവ് ശരീരത്തെ വിടുന്നതോ ആയിരിക്കാമെന്നാണ് ഡോ.സ്റ്റുവർട്ടും തന്റെ ഗവേഷക സംഘവും സ്ഥാപിക്കുന്നത്.
ആഴമേറിയ ക്വാണ്ടം തലത്തിലാണ് ബോധം സംഭവിക്കുന്നത് എന്നാണ് ഡോക്ടർ പറയുന്നത്. മനുഷ്യ ശരീരത്തിലെ താഴ്ന്ന ഊർജ്ജാവസ്ഥകളിൽ പോലും ആളുകൾക്ക് ബോധമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. അതായത്, അനസ്‌തേഷ്യ, ഗാഢനിദ്ര അല്ലെങ്കിൽ മരണത്തോടടുത്ത അനുഭവങ്ങൾ പോലുള്ള സമയങ്ങളിലും മനുഷ്യന്റെ ബോധത്തിന് മാറ്റമുണ്ടാകുന്നില്ലത്രെ. മരണം സംഭവിച്ചവതിന് ശേഷവും ഒന്ന് മുതൽ 20 മിനിറ്റ് വരെ മൃതശരീരങ്ങളിൽ ഊർജ്ജ വർദ്ധന രേഖപ്പെടുത്താൻ തങ്ങൾക്ക് കഴിഞ്ഞു എന്നാണ് ഈ വിദഗ്ദ്ധ സംഘം അവകാശപ്പെടുന്നത്.
