മുംബയ്: പ്രശസ്ത ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. മുംബയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിലിരിക്കെ എൺപത്തിയേഴാമത്തെ വയസിലാണ് അന്ത്യം സംഭവിച്ചത്. ദീർഘനാളുകളായി കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന താരത്തിന് ഹൃദയസംബന്ധമായ അസുഖങ്ങളും ബാധിച്ചിരുന്നു. ഇതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.
1957ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മനോജ് കുമാർ നാല് പതിറ്റാണ്ട് ബോളിവുഡ് സിനിമകളിൽ സജീവമായിരുന്നു. ‘ഫാഷൻ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ എത്തുന്നത്. പിന്നീട് പുരബ് ഔർ പശ്ചിം, ക്രാന്തി തുടങ്ങിയ ദേശഭക്തി സിനിമകളിലൂടെയാണ് താരം പ്രശസ്തനായത്. നടൻ എന്നതിന് പുറമേ നിർമാതാവ് കൂടിയാണ് മനോജ് കുമാർ. പത്മശ്രീയും ദാദാ സാഹിബ് ഫാൽക്കെയുമടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.
1937 ൽ ബ്രിട്ടീഷ് ഇന്ത്യയിലാണ് മനോജ് കുമാർ ജനിച്ചത്. ഇപ്പോൾ പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദാണ് ജന്മസ്ഥലം. ഹരികൃഷ്ണൻ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥ പേര്


