കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ബീച്ച് ഭാഗത്ത് നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. ലൈറ്റ് ഹൗസിനടുത്ത് സ്ഥിതിചെയ്യുന്ന മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയാണ് ഒരു യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്. പോലീസും ഫയർഫോഴ്‌സും സംയുക്തമായി നടത്തിയ ശ്രമഫലമായി ഏകദേശം ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്.
ഒടുമ്പ്ര സ്വദേശിയായ റോഷൻ എന്നയാളാണ് ഉച്ചയ്ക്ക് 1.30-ഓടെ ഈ സാഹസത്തിനു മുതിർന്നത്. കൂടുതൽ ഭീഷണി ഉയർത്താനായി ഇയാൾ വായയിൽ കുപ്പിച്ചില്ലുമായാണ് കെട്ടിടത്തിനു മുകളിൽ നിലയുറപ്പിച്ചത്.
താൻ വാഹനം മോഷ്ടിച്ചെന്ന് ആരോപിച്ച് ചിലർ ക്രൂരമായി മർദ്ദിച്ചതായും, ഈ സംഭവത്തിൽ പ്രതികളായവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം എന്നുമാവശ്യപ്പെട്ടുമായിരുന്നു യുവാവിന്റെ പ്രതിഷേധവും ആത്മഹത്യാശ്രമവും.
വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘവും ഫയർഫോഴ്‌സും സ്ഥലത്തെത്തി. കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന യുവാവിനെ വാക്കുകളിലൂടെ ശാന്തനാക്കി താഴെയിറക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ നടത്തിയത്. റോഷന്റെ മാതാവും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒടുവിൽ എല്ലാവരുടെയും ഇടപെടലിനെത്തുടർന്ന് ഒരു മണിക്കൂറിലധികം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ ഇയാളെ ഒരു പരിക്കുമേൽക്കാതെ സുരക്ഷിതമായി താഴെ എത്തിക്കാൻ കഴിഞ്ഞു. തുടർന്ന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു


