കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്വന്റി-20 പാർട്ടിക്ക് തിരിച്ചടിയായി, എറണാകുളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജിവെച്ചു. എടത്തല സ്വദേശി അഡ്വ. അസ്ലഫ് പാറേക്കാടൻ ആണ് പാർട്ടി അംഗത്വം രാജിവെച്ചത്. വർണക്കടലാസിൽ പൊതിഞ്ഞ് ആകർഷകമാക്കിയ കൊടിയ വിഷമാണ് ട്വന്റി-20 പാർട്ടിയെന്ന് രാജി തീരുമാനം അറിയിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അസ്ലഫ് പാറേക്കാടൻ പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിലുമുപരി ഒരു വ്യക്തിയുടെ സ്വാർത്ഥ താല്പര്യങ്ങൾ നടപ്പാക്കാൻ അയാൾ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടു കൊട്ടാരം മാത്രമാണ് ട്വന്റി-20. സാബു എം ജേക്കബ് നേതൃത്വം കൊടുക്കുന്ന 20 -20 യുടെ അധികമാർക്കുമറിയാത്ത കപട രാഷ്ട്രിയവും, ജനവഞ്ചനാ സമീപനങ്ങളുമായി സമരസപ്പെട്ടു പോകാൻ സാധിക്കാത്തത് മൂലമാണ് ആ പാർട്ടിയിൽ നിന്നും രാജി വെയ്ക്കുന്നത്.
കേരളത്തിലെ ജനങ്ങളോട് ഇല്ലാകഥകൾ പറഞ്ഞും രാഷ്ട്രിയ വിവാദങ്ങൾ ഉണ്ടാക്കിയും ശ്രദ്ധ നേടാനുള്ള ശ്രമമാണ് ട്വന്റി-20 നടത്തുന്നത് . സംഘപരിവാറിന് -ബിജെപി രാഷ്ട്രീയത്തിന് കേരളത്തിലേക്ക് ചുവടുറപ്പിക്കാനായി സബ്കോൺട്രാക്ട് ഏറ്റെടുത്തിരിക്കുകയാണ് സാബു എം ജേക്കബിന്റെ ട്വന്റി -20 പാർട്ടിയെന്നും അസ്ലഫ് പാറേക്കാടൻ ആരോപിക്കുന്നു.


