കണ്ണൂർ: കൂത്തുപറമ്പിൽ വയോധികയുടെ മാല തട്ടിയെടുത്ത സിപിഎം കൗൺസിലർ അറസ്റ്റിലായി. നഗരസഭയിലെ കൗൺസിലർ പിപി രാജേഷ് ആണ് അറസ്റ്റിലായത്. ഇയാൾ കഴിഞ്ഞ വ്യാഴാഴ്ചയാണ് വയോധികയുടെ മാല പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകിയുടെ മാലയാണ് ഇയാൾ കവർന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്ത് പെട്ടെന്നൊരാൾ അകത്തേക്ക് കയറിവരികയും മാല പൊട്ടിച്ച് ഓടുകയും ചെയ്യുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാർഡ് കൗൺസിലറായ പിപി രാജേഷിലേക്ക് എത്തുകയും ചെയ്‌തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് നൽകുന്ന വിവരം. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച ഒരുപവൻ മാല കണ്ടെടുത്തു
വീട്ടിൽ ഒറ്റയ്ക്കിരിക്കുകയായിരുന്ന വയോധികയുടെ മാല കവർന്നു; അറസ്റ്റിലായത് സിപിഎം കൗൺസിലർ

