ജയിലില്‍ കഴിയവെ പരിചയത്തിലായ സഹതടവുകാരന്‍റെ ഭാര്യയെ പീഡിപ്പിച്ചു, മലപ്പുറം സ്വദേശിക്ക് 15 വര്‍ഷം കഠിന തടവ്

മലപ്പുറം: ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന തടവുകാരൻ്റെ ഭാര്യയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും 15,000 രൂപയും ശിക്ഷ വിധിച്ചു.

മലപ്പുറം മഞ്ചേരി കരുവമ്പ്രം ചാടിക്കല്ല് മങ്കരത്തൊടി മുഹമ്മദിനെയാണ് (45) ജഡ്ജി എസ്. രശ്മി ശിക്ഷ വിധിച്ചത്. പീഡനത്തിന് പത്ത് വര്‍ഷം കഠിന തടവ്, 10,000 രൂപ പിഴ, വീട്ടില്‍ അതിക്രമിച്ച്‌ കയറിയതിന് മൂന്ന് വര്‍ഷം കഠിന തടവ്, 5000 രൂപ പിഴ, ഭീഷണിപ്പെടുത്തിയതിനും തടഞ്ഞുവെച്ചതിനും ഒരു വര്‍ഷം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി. പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക് നല്‍കണം.

സഹോദരന്‍റെ ഒൻപതുവസ്സുകാരനായ മകനെ ആനക്കയത്ത് പുഴയിലെറിഞ്ഞ് കൊന്ന കേസിലെ പ്രതിയാണ് മുഹമ്മദ്. വിചാരണ തടവുകാരനായി മഞ്ചേരി സബ്ജയിലില്‍ കഴിയുന്നതിനിടെ പരിചയത്തിലായ ഇരുമ്പുഴി സ്വദേശിയുടെ ഭാര്യയെയാണ് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ മുഹമ്മദ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് ജയിലിലായപ്പോള്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് യുവതിക്ക് മഞ്ചേരിയില്‍ വാടക വീട് എടുത്തുനല്‍കിയിരുന്നു. അതിനുശേഷം ഇവിടെയെത്തിയ പ്രതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് കാസര്‍കോടുനിന്നാണ് പ്രതിയെ പിടികൂടിയത്.

2018 ഓഗസ്റ്റ് 13ന് ആനക്കയം പാലത്തില്‍നിന്നാണ് മുഹമ്മദ് സഹോദരന്‍റെ പുത്രൻ മുഹമ്മദ് ഷഹീനെ പുഴയിലേക്ക് എറിഞ്ഞുകൊന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുള്ള ശ്രമം പാളിയതോടെയാണ് പാലത്തില്‍നിന്ന് പുഴയിലേക്ക് എറിഞ്ഞത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: