തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം. ആറ്റിങ്ങലിൽ കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു. പ്രമേഹരോഗിയായിരുന്ന ഇദ്ദേഹം കാലിലെ പരിക്ക് കാരണം കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപ് പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ആളുടെ പേരുവിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
സംസ്ഥാനത്ത് നിരവധി പേരാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം 33 ആയി. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ലക്ഷദ്വീപ് സ്വദേശി ചികിത്സയിൽ തുടരുന്നു. ഇടപ്പള്ളിയിൽ ജോലി ചെയ്യവേയാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രോഗി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ ദിവസം, കൊല്ലം പാലത്തറ സ്വദേശിയായ 65കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഒക്ടോബറിൽ 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗ കണക്കാണ് ഒക്ടോബറിൽ റിപ്പോർട്ട് ചെയ്തത്.
തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം;ആറ്റിങ്ങൽ സ്വദേശിയായ 57 കാരനാണ് മരിച്ചത്

