കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു
ജനവിധി തേടാൻ 72,005 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. 37,786 വനിതകളും 34,218 പുരുഷന്മാരും ഒരു ട്രാൻസ്‌ജെൻഡർ സ്ഥാനാർഥിയും മത്സരിക്കും. കണക്കില്‍ ചെറിയ വ്യത്യാസം വന്നേക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടക്കുന്ന 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലെയും സ്ഥാനാർഥികളുടെ അന്തിമ പട്ടിക ആയതോടെ പ്രചാരണത്തിന് ആവേശമേറി. തിങ്കള്‍ പകല്‍ 3 വരെയായിരുന്നു സ്ഥാനാർഥിത്വം പിൻവലിക്കുന്നതിനുള്ള സമയം. അവസാന മണിക്കൂറിലും വിമതരെ പിന്തിരിപ്പിക്കുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു മുന്നണികള്‍.
തിരുവനന്തപുരത്ത് 4766 പേർ മത്സര രംഗത്ത്
തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ചിത്രം വ്യക്തമാകുമ്ബോള്‍ 4766 പേരാണ് തിരുവനന്തപുരത്ത് മത്സരരംഗത്തുള്ളത്. തിരുവനന്തപുരം കോർപറേഷനിലെ 101 വാർഡുകളില്‍ നിന്നായി 348 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളില്‍ നിന്നായി 375 പേരാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്തിലെ ചിത്രം വ്യക്തമായപ്പോള്‍ 110 പേരും, ബ്ലോക്ക് പഞ്ചായത്തില്‍ 543 പേരും ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് 3738 പേരുമാണ് മത്സര രംഗത്തുള്ളത്. ആകെ ജില്ലയില്‍ 2223 പുരുഷന്മാരും 2543 വനിതകളുമാണ് മാറ്റുരയ്ക്കുന്നത്.
ഇടുക്കിയില്‍ 2795 സ്ഥാനാർഥികള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരിക്കെ ജില്ലയില്‍ 2795 സ്ഥാനാർഥികള്‍. 1155 പത്രികകള്‍ പിന്‍വലിച്ചു.
കോഴിക്കോട് ജില്ലയില്‍ 4011 പത്രികകള്‍ പിന്‍വലിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോഴിക്കോട് ജില്ലയില്‍ പിന്‍വലിക്കപ്പെട്ടത് 4011 പത്രികകള്‍. ഇതില്‍ 1831 പത്രികകള്‍ പുരുഷന്‍മാരുടേതും 2180 പത്രികകള്‍ സ്ത്രീകളുടേതുമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ 203ഉം കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 52ഉം പത്രികകള്‍ പിന്‍വലിച്ചു. 12 ബ്ലോക്കുകളിലായി 329ഉം ഏഴ് മുനിസിപ്പാലിറ്റികളിലായി 554ഉം 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടു.
15 വാർഡില്‍ വോട്ടെടുപ്പിനുമുമ്ബേ എല്‍ഡിഎഫ് ജയം
നാമനിർദേശ പത്രിക പിൻവലിക്കുന്ന സമയം കഴിഞ്ഞതോടെ സംസ്ഥാനത്ത് 15 വാർഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ ജില്ലയില്‍ നാല് എല്‍ഡിഎഫ് സ്ഥാനാർഥികള്‍കൂടി എതിരില്ലാതെ ജയിച്ചു. ആന്തൂർ നഗരസഭയിലും കണ്ണപുരം ഗ്രാമപഞ്ചായത്തിലും രണ്ടുവീതം സിപിഎം സ്ഥാനാർഥികള്‍ക്കാണ് എതിരില്ലാത്തത്. ഇതടക്കം കണ്ണൂരില്‍ പതിനാലുപേരും കാസർകോട് ഒരാളും എതിരില്ലാതെ ജയിച്ചു.


