Headlines

ഹോങ്കോങ് തീപിടിത്തം: മരണസംഖ്യ 44 ആയി, ഇനിയും ഉയരാൻ സാധ്യത; കാണാതായത് 279 പേരെ

ഹോങ്കോങ്: വടക്കൻ തായ്പേയില്‍ ബഹുനില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ 44 ആയി ഉയർന്നു.

279 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ലീ അറിയിച്ചു. മരിച്ചവരില്‍ ഒരു അഗ്നിശമന സേനാംഗവും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇപ്പോഴും കെട്ടിടങ്ങളില്‍ നിന്ന് പുക ഉയരുന്നുണ്ട്.

ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതില്‍ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. രണ്ട് പേർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താൻ പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി ജോണ്‍ ലീ പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേർ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ദുരന്തത്തില്‍ അനുശോചനം അറിയിച്ചു. തീ വേഗത്തില്‍ നിയന്ത്രിക്കാൻ അദ്ദേഹം ഹോങ്കോങ് അധികൃതരോട് ആവശ്യപ്പെട്ടു. “തായ് പോ ജില്ലയിലെ റെസിഡൻഷ്യല്‍ എസ്റ്റേറ്റില്‍ ഉണ്ടായ വലിയ തീപിടുത്തത്തില്‍ മരിച്ചവർക്ക്, ഡ്യൂട്ടിയില്‍ മരിച്ച അഗ്നിശമന സേനാംഗത്തിനും ഷി ജിൻപിങ് അനുശോചനം അറിയിച്ചു,” സിസിടിവി റിപ്പോർട്ട് ചെയ്തു. “തീ കെടുത്താനും കൂടുതല്‍ ജീവഹാനി ഒഴിവാക്കാനും എല്ലാ ശ്രമങ്ങളും നടത്തണം” എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈകുന്നേരം 2:51നാണ് ആദ്യത്തെ അടിയന്തര കോള്‍ ലഭിച്ചത്. 3:34 ആയപ്പോഴേക്കും തീപിടുത്തം നാലാം ലെവലിലേക്ക് ഉയർന്നു. ഇത് ഏറ്റവും ഉയർന്ന അടിയന്തര വിഭാഗത്തിന് തൊട്ടുമുന്നിലുള്ള ലെവലാണ്. നിരവധി ഫയർ എഞ്ചിനുകളും ആംബുലൻസുകളും രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. ഏകദേശം 2,000 അപ്പാർട്ട്മെൻ്റുകളുള്ള കെട്ടിടത്തിലാണ് തീ പടർന്നത്. കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. തീ അതിവേഗം കെട്ടിടങ്ങളിലേക്ക് പടർന്നു. ആളുകള്‍ മട്ടുപ്പാവില്‍ കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ച കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

തായ് പോ ജില്ല ജനസാന്ദ്രതയേറിയ സ്ഥലമാണ്. ഇവിടെ ഏകദേശം 3 ലക്ഷം ആളുകളാണ് താമസിക്കുന്നത്. തീപിടുത്തമുണ്ടായ സ്ഥലത്തിന് ചുറ്റുമുള്ള റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബസ് സർവീസുകള്‍ വഴിതിരിച്ചുവിട്ടിട്ടുണ്ട്. കെട്ടിടത്തിൻ്റെ ഓരോ നിലയും അഗ്നിശമന സേനാംഗങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇനിയും ആളുകളെ കണ്ടെത്താനുണ്ടോ എന്ന് വിശദമായി പരിശോധിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: