Headlines

ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശം;മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ആരോഗ്യനില മോശം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു

ഉച്ചയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി ജയിലിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് അഡ്മിറ്റ് ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ജയിലില്‍ പ്രവേശിപ്പിച്ച ശേഷം നിരാഹാര സമരം തുടരുകയായിരുന്നു രാഹുല്‍. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ രാഹുല്‍ ഈശ്വറിനെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ജയിലില്‍ നിരാഹാരം പ്രഖ്യാപിച്ചതോടെ സെൻട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിലാണ് രാഹുല്‍ ഈശ്വർ അറസ്റ്റിലായത്.

അതേസമയം, രാഹുല്‍ ഈശ്വർ നല്‍കിയ ജാമ്യഹര്‍ജിയില്‍ നാളെയും വാദം തുടരും. ഇരുവിഭാഗത്തിന്‍റെയും വാദം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം അഡീഷണല്‍ സിജെഎം കോടതി നാളെ പരിഗണിക്കാന്‍ മാറ്റിയത്. കേസിലെ എഫ് ഐ ആർ വായിക്കുക മാത്രമാണ് വീഡിയോയില്‍ ചെയ്തതെന്നും പരാതിക്കാരെ അവഹേളിക്കുന്ന ഒന്നും ഇതില്‍ ഇല്ലെന്നും രാഹുല്‍ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. രാഹുല്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും പ്രോസിക്യൂഷനും വാദിച്ചു.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഒളിവില്‍ പോകാൻ സഹായിച്ചെന്ന് ആരോപിച്ച്‌ പ്രത്യേകസംഘം കസ്റ്റഡിയിലെടുത്ത രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗത്തെയും വിട്ടയച്ചു. ഫസല്‍ അബ്ബാസ്, ഡ്രൈവർ ആല്‍വിൻ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്താതെ വിട്ടയച്ചത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലായിരുന്നു ഇരുവരെയും ഒരു ദിവസം കസ്റ്റഡിയില്‍ വച്ചത്. ഇരുവരെയും പൊലീസ് നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഫസല്‍ അടക്കമുള്ളവർ എവിടെ എന്ന് ബന്ധുക്കളെ അറിയിക്കാൻ നടപടി വേണമെന്നാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി വന്നതോടെ മൊഴി രേഖപ്പെടുത്തി വിടുകയായിരുന്നു എന്ന് ഫസല്‍ അബ്ബാസ് പറഞ്ഞു.

ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് പൊലീസിൻ്റെ ന‌ടപടി. ഇന്നലെ ഉച്ചയ്ക്ക് 2:30നായിരുന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തത്. ഒരു ദിവസം പിന്നിടുമ്ബോഴും കുടുംബത്തിന് വിവരം ലഭിക്കാത്തതിനാല്‍ ബന്ധുക്കള്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഫസല്‍ അബ്ബാസിന്റെ സഹോദരിയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയത്. സഹോദരനെ കണ്ടെത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. തന്റെ സഹോദരൻ നിയമവിരുദ്ധ കസ്റ്റഡിയിലാണ്. സഹോദരൻ എവിടെയെന്ന് പൊലീസ് അറിയിക്കുന്നില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയതില്‍ സഹോദരന് യാതൊരു പങ്കുമില്ല. നിയമവിരുദ്ധമായാണ് പൊലീസ് കസ്റ്റഡി. പൊലീസ് മേധാവി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഫസല്‍ അബ്ബാസ് എവിടെയെന്ന് അറിയിക്കാൻ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പിഎയേയും ഡ്രൈവറേയും അന്വേഷണ സംഘം വിട്ടയച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: