ന്യൂഡൽഹി: കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് അനങ്ങാൻ പോലും പറ്റാത്ത വിധം തളർന്നു കിടക്കുന്നത് 12 വർഷത്തോളമായി. മകനു ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ മാതാപിതാക്കളോട് സംസാരിക്കണമെന്ന് സുപ്രീം കോടതി. തീരുമാനം എടുക്കുന്നതിനു മുൻപു മാതാപിതാക്കളോടു സംസാരിക്കണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. നോയിഡ സ്വദേശി 32 കാരനായ ഹരീഷ് റാണയാണ് 12 വർഷമായി തളർന്നു കിടക്കുന്നത്. ആരോഗ്യ സ്ഥിതി വിലയിരുത്തി എയിംസിലെ വിദഗ്ധ സമിതി നൽകിയ റിപ്പോർട്ട് സുപ്രീംകോടതി പരിശോധിച്ചിരുന്നു. അതിനു ശേഷമാണ് അന്തിമ തീരുമാനം എടുക്കുന്നതിനു മുൻപ് ജനുവരി 13ന് മാതാപിതാക്കളുമായി സംസാരിക്കണമെന്നു ജഡ്ജിമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് പറഞ്ഞത്.
ഈ സമയത്തിനുള്ളിൽ അഭിഭാഷകരും മെഡിക്കൽ റിപ്പോർട്ട് വിശദമായി പഠിച്ച് അന്തിമ തീരുമാനം എടുക്കാൻ കോടതിയെ സഹായിക്കണം. ഹരീഷിനെ പരിശോധിക്കാൻ ആദ്യം നോയിഡ ജില്ലാ ആശുപത്രിയെയും പിന്നീട് എയിംസിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. സുഖപ്പെടാനുള്ള ഒരു സാധ്യതയുമില്ലെന്നായിരുന്നു റിപ്പോർട്ട്.
അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിന്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള മരണം (പാസീവ് യുത്തനേസ്യ) അനുവദിക്കാറുണ്ട്. എന്നാൽ, ഡോക്ടറുടെ മേൽനോട്ടത്തിൽ മരുന്നും ഇൻജക്ഷനും മറ്റും ഉപയോഗിച്ചുള്ള മരണം (ആക്ടീവ് യുത്തനേസ്യ) ഇന്ത്യയിൽ അനുവദിച്ചിട്ടില്ല


