ബെംഗളൂരു: ലിവ് ഇൻ പങ്കാളിയെ ലൈംഗികമായി പീഡിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്തു. യുവാവ് അറസ്റ്റിൽ. ബെംഗളൂരുവിലെ ബാഗൽഗുണ്ടെയിലാണ് സംഭവം. 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവുമാണ് ഇയാൾ തട്ടിയെടുത്തത്. ബെംഗളൂരു സ്വദേശി 29 കാരനായ ശുഭം ശുക്ല ആണ് പിടിയിലായത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നു. തുടർന്ന് യുവാവിനെതിരെ പോക്സോ കേസും റജിസ്റ്റർ ചെയ്തു.
ശുഭം ശുക്ല ആദ്യം യുവതിയുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുമായാണ് ബന്ധം സ്ഥാപിച്ചത്. തുടർന്ന് വിശ്വാസം നേടിയ ശേഷം പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ മൂത്ത സഹോദരിയുമായി അടുക്കുകയും, വൈകാതെ ഇരുവരും ലീവ്–ഇൻ ബന്ധത്തിലാകുകയുമായിരുന്നു. പിന്നീട് ജോലിക്കായി മുംബൈയിലേക്ക് താമസം മാറുകയാണെന്ന് ശുഭം ശുക്ല യുവതിയുടെ മാതാപിതാക്കളോട് പറഞ്ഞെങ്കിലും ഇവർ ബെംഗളൂരുവിൽ തന്നെ തുടർന്നു. മൂന്ന് വർഷത്തോളം ബെംഗളൂരുവിൽ ഒരുമിച്ച് താമസിച്ചു. ഇതിനിടെ യുവാവ് തന്റെ 20 ലക്ഷം രൂപയും 200 ഗ്രാം സ്വർണവും കൈക്കലാക്കിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
അതിനിടെ ശുഭം ശുക്ല വിവാഹിതനായിരുന്നെന്നും യുവതി കണ്ടെത്തി. ഇക്കാര്യം ചോദിച്ചപ്പോൾ, ഭാര്യയെ ഉടൻ വിവാഹമോചനം ചെയ്യുമെന്നാണ് യുവാവ് പറഞ്ഞത്. എന്നാൽ ലൈംഗിക പീഡനം തുടർന്നതാടെ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെയാണ് യുവതിയുടെ സഹോദരി നൽകിയ കേസിൽ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തിയത്


