നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ (90) അന്തരിച്ചു. കൊച്ചിയിലെ എളമക്കരയിലെ വസതിയിലാണ് അന്ത്യം സംഭവിച്ചത്. പക്ഷാഘാതത്തെ തുടർന്ന് കുറച്ച് കാലമായി വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ മൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ശാന്തകുമാരിയമ്മ എളമക്കരയിൽ സ്ഥിരതാമസമാക്കി.
മലയാള സിനിമാപ്രേമികൾക്ക് പ്രിയങ്കരനായ സൂപ്പർതാരം മോഹൻലാലിനെപ്പോലെ തന്നെ, അദ്ദേഹത്തിന്റെ അമ്മയ്ക്കും മലയാളികൾക്ക് ഒരുപാട് സ്നേഹവും ആദരവുമാണ് ഉണ്ടായിരുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ചുള്ള കാര്യങ്ങളിൽ അധികം സംസാരിക്കാറില്ലെങ്കിലും, അമ്മയോടുള്ള മോഹൻലാലിന്റെ ആഴമുള്ള സ്നേഹബന്ധം ആരാധകർക്ക് സുപരിചിതമാണ്.ലോകത്തിന്റെ ഏത് ഭാഗത്തുണ്ടായാലും, അമ്മയുടെ ജന്മദിനത്തിൽ അവർക്കൊപ്പം കഴിയാൻ മോഹൻലാൽ സമയം കണ്ടെത്തും എന്നതാണ് അദ്ദേഹത്തിന്റെ പതിവ്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് പ്രഖ്യാപനത്തിനുശേഷം ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയപ്പോഴും അദ്ദേഹം നേരെ പോയത് അമ്മയുടെ അനുഗ്രഹം തേടിയായിരുന്നു. ഇപ്പോൾ അമ്മയുടെ വിടവാങ്ങൽ കുടുംബത്തിനും ആരാധകർക്കും സിനിമാലോകത്തിനും വലിയ വേദനയാണുണ്ടാക്കുന്നത്.


