ബെലഗാവി: കർണാടകയിലെ പഞ്ചസാര ഫാക്ടറിയിൽ പൊട്ടിത്തെറി. രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബെലഗാവി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. എട്ട് പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മരകുമ്പി ഗ്രാമത്തിലെ ഇനാന്ദാർ പഞ്ചസാര ഫാക്ടറിയിലാണ് അപകടം ഉണ്ടായത്. ഉച്ചക്ക് രണ്ട് മണിക്കൂറായിരുന്നു സംഭവം.
അപകടത്തിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് ബെലഗാവി റൂറൽ ജില്ല സൂപ്രണ്ട് രാമരാജൻ പറഞ്ഞു. പരിക്കേറ്റ എല്ലാവരെയും ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ ഒരു തൊഴിലാളിയെ ബെയ്ൽഹോങ്കൽ ആശുപത്രിയിലേക്കും ബാക്കിയുള്ളവരെ ബെലഗാവിയിലെ ആശുപത്രികളിലേക്കുമാണ് കൊണ്ടുപോയത്. പൊട്ടിത്തെറിയുടെ കാരണം വിലയിരുത്തിയതിനാൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ബോയിലറിൻ്റെ വാൽവ് നന്നാക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്തെങ്കിലും സാങ്കേതിക പിഴവോ അശ്രദ്ധയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം കരുതൽ എന്ന നിലയിൽ ഫാക്ടറി പ്രവർത്തനങ്ങൾ നിർത്തിവെച്ചു


