തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലരാമപുരം- കാട്ടാക്കട റോഡിൽ തേമ്പാമുട്ടം റെയിൽവേ ക്രോസിനു സമീപമാണ് അപകടം ഉണ്ടായത്. ടെലഫോൺ ടവർ ജോലിക്കാരനായ കോട്ടുകാൽ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടിൽ ജയമോഹൻ–സുഗന്ധി ദമ്പതികളുടെ മകൻ 36 കാരനായ ജെ.എസ്.സുഭാഷാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. കാട്ടാക്കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇടിയുടെ ശബ്ദംകേട്ട് അടുത്ത വീട്ടുകാർ ഇറങ്ങിനോക്കുമ്പോൾ സുഭാഷ് പരുക്കേറ്റ് റോഡിൽ കിടക്കുന്നതാണ് കണ്ടത്. ഉടനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഭിരാമി


