സംസ്ഥാന ബജറ്റ്: കെഎൻ ബാലഗോപാലിൻ്റെ പെട്ടിയില്‍ എന്തൊക്കെ? ക്ഷേമ പെൻഷൻ വര്‍ധിപ്പിക്കല്‍ മുതല്‍ ശമ്പള പരിഷ്കരണം വരെ പ്രതീക്ഷയില്‍




തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് ഇന്ന് രാവിലെ ഒൻപത് മണിക്ക് ധനമന്ത്രി കെഎൻ ബാലഗോപാല്‍ അവതരിപ്പിക്കും.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേമ പെൻഷൻ വർധിപ്പിക്കല്‍, സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അടക്കം ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാരിൻ്റെ അവസാന ബജറ്റ് എല്ലാ വിഭാഗങ്ങള്‍ക്കുമുള്ള ബജറ്റാകുമെന്ന് മന്ത്രി കെഎൻ ബാലഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ നീതിയും പ്രായോഗിക സാമ്പത്തിക നയങ്ങളും സമന്വയിപ്പിച്ച്‌ വോട്ടർമാരുടെ വിശ്വാസം നേടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. പ്രധാനമായും സാമൂഹ്യ സുരക്ഷാ പെൻഷൻ വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 62 ലക്ഷം പേർക്ക് ലഭിക്കുന്ന പെൻഷൻ 2025 ഒക്ടോബറില്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി ഉയർത്തിയിരുന്നു. ഇത് എല്‍ഡിഎഫിൻ്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. പെൻഷൻ തുക 2500 രൂപയായി ഉയർത്താനും പുതിയ സാർവത്രിക പെൻഷൻ പദ്ധതി കൊണ്ടുവരാനും സാധ്യതയുണ്ട്. മുതിർന്ന പൗരന്മാർക്കായി ‘സില്‍വർ ഇക്കണോമി’ പോലുള്ള പദ്ധതികളും ആരോഗ്യ, ഭവന സഹായങ്ങളും പരിഗണനയിലുണ്ട്.

സർക്കാർ ജീവനക്കാരും പെൻഷൻകാരും ബജറ്റില്‍ ശമ്ബള പരിഷ്കരണം പ്രതീക്ഷിക്കുന്നുണ്ട്. കൊവിഡ് കാലം മുതല്‍ മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണവും ആറ് ഗഡു ഡിഎ കുടിശ്ശികയും ജീവനക്കാർ ആവശ്യപ്പെടുന്നുണ്ട്. അംഗൻവാടി, ആശാ വർക്കർമാരുടെ വേതനം വർധിപ്പിക്കണമെന്ന ആവശ്യങ്ങളുമുണ്ട്.

വികസന രംഗത്ത്, ഗവേഷണ-നവീകരണ മേഖലയിലെ നിക്ഷേപം വർധിപ്പിച്ചേക്കും. കഴിഞ്ഞ വർഷം 4,039 കോടി രൂപയാണ് ഗവേഷണത്തിനായി ചെലവഴിച്ചത്. ഉന്നത വിദ്യാഭ്യാസം, ശുചിത്വം, പരമ്ബരാഗത വ്യവസായങ്ങള്‍ എന്നിവയിലെ നവീകരണത്തിന് ഇത് പ്രയോജനപ്പെടാം. തീരദേശ വികസനം, യുവ സംരംഭക സഹായം, മത്സ്യത്തൊഴിലാളി ക്ഷേമം, ഒരു ലക്ഷം ഭവന നിർമാണം എന്നിവയും പരിഗണനയിലുണ്ട്. 16-ാം ധനകാര്യ കമ്മീഷൻ്റെ ശുപാർശകള്‍ വഴി നികുതി വിഹിതം വർധിപ്പിക്കാനും ശ്രമങ്ങളുണ്ട്. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ ജിഎസ്‌ഡിപി വളർച്ച 12 ശതമാനം ആയി ഉയർത്തി 14.27 ലക്ഷം കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: