ന്യൂഡല്‍ഹി: ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും ദുരുപയോഗം ചെയ്യപ്പെടുന്നതായുള്ള പരാതിയില്‍ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോര്‍ട്സ് അതോറിറ്റി ഒഫ് ഇന്ത്യക്കും കമ്മിഷന്‍ കത്തയച്ചു. ജിമ്മുകളും ഫിറ്റ്‌നസ് സെന്ററുകളുമായും ബന്ധപ്പെട്ട് നിലവിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍, നയങ്ങള്‍, രജിസ്‌ട്രേഷന്‍ മാനദണ്ഡങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് കമ്മിഷന്‍ നിര്‍ദേശിച്ചു. ഉത്തര്‍പ്രദേശില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗം പ്രിയങ്ക് കനൂങ്കോ ചൂണ്ടിക്കാട്ടി. 50ല്‍ അധികം ചെറുപ്പക്കാരികള്‍ ഇരയാക്കപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. ഇത്തരം ചൂഷണങ്ങള്‍ പ്രതിരോധിക്കാന്‍ ജിമ്മുകള്‍ക്കായി രാജ്യവ്യാപകമായി നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.


