ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമപാത അടച്ചതിനാൽ ദുബായിൽ കുടുങ്ങി തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാർ. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ പെട്ടെന്ന് നിർത്തിവെച്ചതാണ് അദ്ദേഹത്തിന്റെ യാത്രാ പ്ലാനുകളെ ബാധിച്ചത്. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് മടങ്ങാനിരിക്കെയാണ് ഈ അപ്രതീക്ഷിത തടസ്സം ഉണ്ടായത്.റേസിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായാണ് അടുത്തിടെ അജിത് കുമാർ ദുബായിലെത്തിയത്. അടുത്തിടെ 2025-ലെ ’24H ദുബായ്’ (24H Dubai) എൻഡുറൻസ് റേസിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിലൂടെ അദ്ദേഹം അന്താരാഷ്ട്ര റേസിംഗ് സർക്യൂട്ടിൽ വലിയ ശ്രദ്ധ നേടിയിരുന്നു. അബുദാബിയിൽ വരാനിരിക്കുന്ന റേസിംഗ് ഇവന്റുകൾക്കായി അദ്ദേഹം കഠിനമായ പരിശീലനത്തിലായിരുന്നു. ഇതിനിടെയാണ് ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചത്.അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹം പൂർണ്ണമായ സുരക്ഷിതനാണെന്നും നിലവിൽ യാതൊരുവിധ അപകടസാധ്യതയും നേരിടുന്നില്ലെന്നും മാനേജർ സൂമിനോട് പറഞ്ഞു. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന അദ്ദേഹം വിമാനത്താവളത്തിലെത്തിയശേഷം തിരികെ പോരുകയായിരുന്നു. മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താലുടൻ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ ഉറപ്പുനൽകി.മേഖലയിലെ അനിശ്ചിതാവസ്ഥ തുടരുന്നതിനാൽ അജിത്തിനൊപ്പം മറ്റ് ആയിരക്കണക്കിന് യാത്രക്കാരും ദുബായിൽ കുടുങ്ങിക്കിടക്കുകയാണ്. ആദിക് രവിചന്ദ്രൻ സംവിധാനംചെയ്ത ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിലാണ് അജിത് ഒടുവിൽ അഭിനയിച്ചത്. ഇതേ സംവിധായകനൊപ്പംതന്നെയാണ് താരത്തിന്റെ അടുത്ത ചിത്രവുമെന്ന് റിപ്പോർട്ടുണ്ട്.


