കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും ആറുതവണ വടകരയുടെ ജനമനസ്സു കീഴടക്കിയ പാർലമെന്റ് അംഗവുമായ മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി. ഉണ്ണികൃഷ്ണൻ നിര്യാതനായി. 90 വയസ്സായിരുന്നു. സോഷ്യലിസ്റ്റായും കോൺഗ്രസ് നേതാവായും പിന്നീട് കോൺഗ്രസ് വിമതനായുമൊക്കെ ദേശീയ രാഷ്ട്രീയത്തിൽ തലയെടുപ്പോടെ നിലയുറപ്പിച്ച കെ.പി ഉണ്ണികൃഷ്ണൻ, ഡൽഹിയുടെ അധികാര ഇടനാഴികളിലെ കിങ്മേക്കറായും പലകുറി തിളങ്ങിനിന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1971ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വടകരയിൽ മത്സരിച്ചു ജയിച്ച ഉണ്ണികൃഷ്ണൻ 1977, 1980, 1984, 1989, 1991 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലും ലോക്സഭയിൽ വടകരയുടെ പ്രതിനിധിയായി. ആറുതവണ ഒരേ പാർലമെന്റ് മണ്ഡലത്തിൽനിന്ന് മത്സരിച്ചുജയിച്ച കേരളത്തിലെ ഏക എം.പിയെന്ന സവിശേഷതയും തന്റെ പൊളിറ്റിക്കൽ കരിയറിനോടൊപ്പം ചേർത്തുവെച്ചു. 1989-90 കാലഘട്ടത്തിൽ വി.പി. സിങ് മന്ത്രിസഭയിൽ അംഗമായ അദ്ദേഹം ഉപരിഗതാഗത – വാർത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയായിരുന്നു. മന്ത്രിയായിരിക്കവേ, ഗൾഫ് യുദ്ധകാലത്ത് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് മേൽനോട്ടം വഹിച്ചു.
കോഴിക്കോട്ടെ പ്രമുഖ തറവാടായ പന്നിയങ്കര പത്മാലയത്തിൽ അമ്മുക്കുട്ടി അമ്മയുടെയും കൊയിലാണ്ടിയിൽ അഭിഭാഷകനായ കരുമത്തിൽ പുത്തൻവീട്ടിൽ ഇ. കുഞ്ഞിക്കണ്ണൻ നായരുടെയും മകനായി 1936 സെപ്റ്റംബർ 20ന് കോയമ്പത്തൂരിലായിരുന്നു ജനനം. മദ്രാസ് പ്രസിഡൻസി കോളജ്, മദ്രാസ് ലോ കോളജ് എന്നിവിടങ്ങളിലെ പഠന കാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി രാഷ്ട്രീയ ജീവിതം തുടങ്ങി. നാഷനൽ യൂനിയൻ ഓഫ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‍വാദി യുവക്സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം സോഷ്യലിസ്റ്റ് പാർട്ടി വിട്ട് കോൺഗ്രസിൽ അംഗമാകുന്നത് 1960ലാണ്. 1962 മുതൽ എ.ഐ.സി.സി. അംഗമായി. പഠനത്തിനുശേഷം പത്രപ്രവർത്തകനായായിരുന്നു ജീവിതം. ‘ബ്ലിറ്റ്സ്’, ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു.
ഡൽഹിലെത്തിയ അദ്ദേഹം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്നു. പിന്നീട് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലെത്തി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ് (യു)വിലേക്ക് ചേക്കേറി. പിന്നീട് കോൺഗ്രസ് (എസ്) ൽ എത്തിയ അദ്ദേഹം പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 1995ലാണ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയത്. 1996ൽ വടകര മണ്ഡലത്തിൽ കോൺഗ്രസ് പ്രതിനിധിയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല. വൈകാതെ സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു.
മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ ഐക്യരാഷ്ട്രസഭ അടക്കമുളള അന്താരാഷ്ട്രവേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. അമൃതയാണ് ഭാര്യ. സുദക്ഷിണ, നിരഞ്ജന എന്നിവർ മക്കളാണ്.


