ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍





ഗാന്ധിനഗര്‍: കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗുജറാത്തില്‍ 75 സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടി. വിദ്യാര്‍ഥികളുടെ അഭാവമാണ് സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ കാരണമെന്ന് സര്‍ക്കാര്‍ പറഞ്ഞു. 2026 ജനുവരി 21 വരേയുള്ള കണക്കുകളാണിത്. ഗുജറാത്ത് സര്‍ക്കാറാണ് നിയമസഭയില്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഗോത്രവര്‍ഗ മേഖലകളിലെ സ്‌കൂളുകളിലാണ് കൊഴിഞ്ഞുപോക്ക് രൂക്ഷം. അധ്യാപക ക്ഷാമമാണ് ഗുജറാത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി. ‘വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായതിനാലോ, അല്ലെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണം പൂജ്യം ആണെങ്കില്‍, വിദ്യാര്‍ഥികള്‍ക്ക് അടുത്തുള്ള സ്‌കൂളുകളില്‍ ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, അവര്‍ക്ക് ഗതാഗത സൗകര്യങ്ങളും ഒരുക്കുന്നുണ്ട്’ എന്ന് സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കിയതായി ആം ആദ്മി എംഎല്‍എ ചൈതര്‍ വാസവ പറഞ്ഞു.
2,674 സര്‍ക്കാര്‍ സ്‌കൂളുകള്‍ നിലവില്‍ ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഗുജറാത്ത് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു. ചില സ്‌കൂളുകളില്‍ തകര്‍ന്ന ക്ലാസ് മുറികള്‍ പൊളിച്ചുമാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണെന്നും മറ്റുള്ളവയില്‍ പുതിയവ നിര്‍മ്മിക്കുന്നുണ്ടെന്നും കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം മറുപടി നല്‍കി. 2023 ഡിസംബറിലെ കണക്കനുസരിച്ച്, 1,606 സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത് വെറും ഒരു അധ്യാപകന്‍ മാത്രമായാണ്. ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികളെ ഈ ഏക അധ്യാപകന്‍ പഠിപ്പിക്കേണ്ടി വരുന്നു. 2022ല്‍ 700 ആയിരുന്ന ഇത്തരത്തിലുള്ള സ്‌കൂളുകളുടെ എണ്ണം രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: