പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ് രോഗിയാണ് പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്‌ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.
അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജൻ ലെവൽ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്നുള്ളതാണ് കിട്ടിയ മറുപടിയെന്നും ചിത്ര പറയുന്നു. ആരും അറിയപ്പെടാതെ ഇതുപോലെ ജീവനുകൾ ശ്വാസം കിട്ടാതെ നഷ്ടപ്പെടുന്നു എന്ന സത്യം മനസിലാക്കണമെന്നും എല്ലാവർക്കും ഇൻവെർട്ടർ മേടിക്കാനുള്ള വരുമാനം ഉണ്ടാകില്ലെന്നും സർക്കാരിനെ ഓർമിപ്പിച്ചുകൊണ്ടാണ് ചിത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്.


