Headlines

കോമയില്‍ കഴിഞ്ഞത് 13 വര്‍ഷം; ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ വിടപറഞ്ഞു,രാജ്യത്തെ ആദ്യ ദയാമരണം



ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ ദയാമരണത്തിന് സുപ്രിംകോടതി അനുമതി നല്‍കിയ ഹരീഷ് റാണ വിട വാങ്ങി. 2013 മുതല്‍ 13 വര്‍ഷം കോമയിലായിരുന്നു ഹരീഷ് റാണ. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രിംകോടതി ദയാവധത്തിന് അനുമതി നല്‍കിയത്. അന്തസായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. വേദനാരഹിതമായ മരണം ഉറപ്പാക്കുന്നതിനായി ഹരീഷിന് നല്‍കി വന്ന ഭക്ഷണ ട്യൂബ് മാറ്റിയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അവസാന നിമിഷത്തില്‍ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാന്‍ അനുമതി ലഭിച്ചിരുന്നത്.

മാതാപിതാക്കളുടെ അപേക്ഷ പരിഗണിച്ചായിരുന്നു 13 വര്‍ഷം മൃതപ്രാണനായി കിടന്ന 31കാരന് സുപ്രിംകോടതി ദയാവധം അനുവദിച്ചത്. ഹരീഷ് റാണയുടെ ദയാമരണത്തിനായുള്ള നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഫീഡിങ് ട്യൂബും ഓക്‌സിജന്‍ സപ്പോര്‍ട്ടും ആദ്യം നീക്കം ചെയ്തു. എയിംസിലെ ഡോ സീമ മിശ്ര അടക്കം 10 ഡോക്ടര്‍മാരാണ് ദയാവധ നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. മരണം വേഗത്തിലാക്കുക എന്നതല്ല വേദനയില്ലാത്ത മരണം എന്നതാണ് ലക്ഷ്യമെന്നായിരുന്നു ഡോക്ടര്‍മാരുടെ സംഘം പറഞ്ഞത്. ഹരീഷ് റാണയോടൊപ്പം കുടുംബം അവസാന നിമിഷങ്ങള്‍ ചെലവഴിക്കുന്ന 22 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഹൃദയഭേദകമായ വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

റാണ ജീവിതത്തിലേക്ക് തിരികെ എത്താന്‍ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയവധം നല്‍കണമെന്ന് അപേക്ഷിച്ച് മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികില്‍സ തുടര്‍ന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെന്നും മാതാപിതാക്കള്‍ കോടതിയെ അറിയിച്ചു. ഈ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ജെ പി പര്‍ദ്ദിവാലാ, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവര്‍ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികില്‍സ അവസാനിപ്പിക്കാന്‍ ഉത്തരവിട്ടത്. 2013ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കേയാണ് പേയിങ് ഗസ്റ്റായി താമസിച്ച കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് വീണ് ഹരീഷ് റാണയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. അന്ന് മുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു റാണയുടെ ജീവിതം. കൃത്രിമ ശ്വസനത്തിനായി ട്രാക്കിയോസ്റ്റമി ട്യൂബും, ഭക്ഷണത്തിനായി ഗ്യാസ്‌ട്രോജെജുനോസ്റ്റമി ട്യൂബും ഘടിപ്പിച്ച് പൂര്‍ണ്ണമായും കിടപ്പിലായ അവസ്ഥയിലായിരുന്നു ഹരീഷ്. ഇന്ത്യയില്‍ 2018 മുതല്‍ ദയാവധം അനുവദനീയമാണെങ്കിലും, രോഗിയുടെ മാനസിക ശാരീരിക അവസ്ഥയെക്കുറിച്ച് രണ്ട് മെഡിക്കല്‍ ബോര്‍ഡുകളുടെ അഭിപ്രായം പഠിച്ച ശേഷം മാത്രമേ സുപ്രിംകോടതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ. രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ട് 2018ല്‍ സുപ്രിംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. കേസില്‍ ഹരീഷിന്റെ മാതാപിതാക്കള്‍ക്കായി മലയാളി അഭിഭാഷകന്‍ രശ്മി നന്ദകുമാറാണ് ഹാജരായത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: