Headlines

രാജ്യത്ത് ഇനി ഇരുചക്ര ആംബുലന്‍സുകളും; ഗ്രാമങ്ങളിലും മലയോരങ്ങളിലും അതിവേഗ അടിയന്തര സേവനം ലഭ്യമാക്കും



രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലെ അടിയന്തര ചികിത്സാ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനായി ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. 2027 ഒക്ടോബര്‍ 1 മുതല്‍ ഇരുചക്ര റോഡ് ആംബുലന്‍സുകള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. ഇതിനായി മന്ത്രാലയം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍, 1989 ഭേദഗതി ചെയ്യുന്നതിനുള്ള കരട് വിജ്ഞാപനം പുറത്തിറക്കി.
നിലവില്‍ ഇരുചക്ര ആംബുലന്‍സുകള്‍ക്ക് പ്രത്യേക വാഹന വിഭാഗമെന്ന നിലയില്‍ നിയമപരമായ അംഗീകാരമില്ല. അതിനാല്‍ ഇവയുടെ നിര്‍മ്മാണം, സുരക്ഷാ മാനദണ്ഡങ്ങള്‍, രോഗിയെ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പരിശോധന എന്നിവയ്ക്ക് ഏകീകൃത ദേശീയ മാനദണ്ഡങ്ങളില്ല. പുതിയ ചട്ടപ്രകാരം AIS-209 (Part 1):2026 എന്ന മാനദണ്ഡം പാലിച്ചായിരിക്കും ഇത്തരം ആംബുലന്‍സുകള്‍ നിര്‍മ്മിക്കേണ്ടത്.
പ്രധാന സുരക്ഷാ മാനദണ്ഡങ്ങള്‍ ഇവയായിരിക്കും…

വാഹനത്തിന്റെ സ്ഥിരതയും ബ്രേക്കിങ് ശേഷിയും
പാര്‍ക്കിങ് ബ്രേക്ക്, ചരിവുകളില്‍ സുരക്ഷിതമായി പ്രവര്‍ത്തിക്കാനുള്ള ശേഷി
മികച്ച പിന്‍വശ കാഴ്ച
സുരക്ഷിത കപ്പ്‌ലിങ് സംവിധാനം
അടിയന്തര മുന്നറിയിപ്പ് ലൈറ്റുകളും ഉപകരണങ്ങളും
രോഗിയെ സുരക്ഷിതമായി കയറ്റുകയും ഉറപ്പിക്കുകയും ചെയ്യാനുള്ള സംവിധാനം
കാലാവസ്ഥയില്‍ നിന്ന് രോഗിക്ക് സംരക്ഷണം

2027 ഒക്ടോബര്‍ 1നോ അതിന് ശേഷമോ നിര്‍മ്മിക്കുന്ന എല്‍2 വിഭാഗത്തിലെ ഇരുചക്ര ആംബുലന്‍സുകള്‍ക്ക് ഈ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാകും. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന പ്രദേശങ്ങളിലായിരിക്കും ഇവയ്ക്ക് സര്‍വീസ് നടത്താന്‍ രജിസ്‌ട്രേഷന്‍ അനുവദിക്കുക. ഇത്തരം ആംബുലന്‍സുകളെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളായി പരിഗണിക്കും. കൂടാതെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതും നിര്‍ബന്ധമായിരിക്കും.
ഈ പുതിയ ചട്ടം ഇരുചക്ര ആംബുലന്‍സുകളുടെ രൂപകല്‍പ്പനയും പ്രവര്‍ത്തനവും കൂടുതല്‍ സുരക്ഷിതവും ഉത്തരവാദിത്തപരവുമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കൂടാതെ സാധാരണ ആംബുലന്‍സുകള്‍ക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര ചികിത്സാ സേവനം വേഗത്തില്‍ ലഭ്യമാക്കുന്നതിനും ഇത് സഹായകരമാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: