ഇറാനുമായുള്ള യുദ്ധത്തിന് വരുന്ന ഭീമമായ ചിലവ് അറബ് രാജ്യങ്ങൾ പങ്കിടണമെന്ന നിർദ്ദേശത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സജീവ താൽപ്പര്യം പ്രകടിപ്പിക്കുന്നതായി വൈറ്റ് ഹൗസ്. തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രസിഡന്റ് കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തുമെന്നും അവർ സൂചിപ്പിച്ചു.
യുദ്ധച്ചെലവ് വഹിക്കാൻ അറബ് രാജ്യങ്ങൾ മുന്നോട്ടുവരുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ലീവിറ്റ്. “ഇക്കാര്യത്തിൽ അറബ് രാജ്യങ്ങളോട് ആവശ്യപ്പെടാൻ പ്രസിഡന്റിന് വലിയ താൽപ്പര്യമുണ്ട്. ഇത് അദ്ദേഹത്തിന്റെ പരിഗണനയിലുള്ള ആശയമാണ്. വരും ദിവസങ്ങളിൽ അദ്ദേഹത്തിൽ നിന്ന് തന്നെ കൂടുതൽ കാര്യങ്ങൾ കേൾക്കാൻ സാധിക്കും,” പ്രസ് സെക്രട്ടറി പറഞ്ഞു. 1990-കളിലെ ഗൾഫ് യുദ്ധകാലത്ത് യുഎസിന്റെ സൈനിക ചിലവുകൾക്കായി അറബ് രാജ്യങ്ങൾ സാമ്പത്തിക സഹായം നൽകിയ ചരിത്രം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം.


