ഭാര്യയെ കൊലപ്പെടുത്തി 4 വർഷം ഒളിവുജീവിതം; LPG സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മുൻസൈനികൻ അറസ്റ്റിൽ



        

ഭോപ്പാൽ: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചതിന് പിന്നാലെ  നാല് വർഷം ഒളിവിൽ കഴിഞ്ഞിരുന്ന മുൻ സൈനികൻ അറസ്റ്റിൽ. ഇന്ത്യൻ കരസേന ക്യാപ്റ്റനായിരുന്ന സന്ദീപ് തോമറാണ് അറസ്റ്റിലായത്. എൽപിജി സിലിണ്ടർ ബുക്ക് ചെയ്തതിന് പിന്നാലെ മദ്ധ്യപ്രദേശിൽ നിന്നാണ് അന്വേഷണസംഘം പിടികൂടിയത്.

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സന്ദീപിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചത്. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പൊലീസ് വിവിധ സംഘങ്ങളായി അന്വേഷിച്ചെങ്കിലും പ്രതിയെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. തുടർന്ന് ഇയാളുടെ പേരിൽ ബുക്ക് ചെയ്ത എൽപിജി സിലിണ്ടറുമായി ബന്ധപ്പെട്ട പണമിടപാടുകൾ നിരീക്ഷച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുൻസൈനികന് പിടിവീണത്. പ്രത്യേക അന്വേഷണംസഘത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

നാഷണൽ ഇന്റലിജൻസ് ഗ്രിഡുമായി സഹകരിച്ച് അന്വേഷണസംഘം തോമറിന്റെ യഥാർത്ഥ പാൻ കാർഡ് കണ്ടെത്തി. തുടർന്ന് പ്രതിയുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിയാൻ പാൻ കാർഡ് ഉപയോഗിച്ചു. തോമറിന്റെ പാനുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു അക്കൗണ്ട് ലഭ്യമാക്കാൻ അത് സഹായിക്കുകയും ചെയ്തു. തുടർന്ന് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച് വിശദമായി പരിശോധിച്ചു. ഇതിൽ നിന്നാണ് ഭാരത് ഗ്യാസിൽ നിന്നുള്ള എൽപിജി സിലിണ്ടറിന്റെ ഇടപാട് കണ്ടെത്തിയത്. അന്വേഷണത്തിൽ എൽപിജി സിലിണ്ടർ എത്തിച്ച വാടകവീട് കണ്ടെത്താൻ എസ്ഐടിക്ക് സാധിച്ചു.

ഭാര്യ ശ്വേത സിംഗിനെ കൊലപ്പെടുത്തിയ കേസിൽ 2022-ലാണ് സന്ദീപിനെ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചത്. വിവാഹം കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിലായിരുന്നു കൊലപാതകം. ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: