പിഷാരടിയെ തടഞ്ഞവർക്കെതിരെ കേസ്; നഗരസഭയിലെ ബി.ജെ.പി അംഗം ഒന്നാംപ്രതി

പാലക്കാട് യു.ഡി.എഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ തടഞ്ഞ ബി.ജെ.പി പ്രവർത്തകർക്കെതിരെ കേസ്. പാലക്കാട് നഗരസഭയിലെ ബി.ജെ.പി അംഗം സിന്ധു രാജനെ ഒന്നാംപ്രതിയാക്കിയാണ് കേസ്. സിന്ധുവടക്കം മൂന്നുപേർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടക്കന്തറയിൽ വച്ചാണ് രമേഷ് പിഷാരടിയെ ബി.ജെ.പി പ്രവർത്തകർ തടഞ്ഞത്. കോൺഗ്രസ് ഡിവൈഎസ്പ‌ിക്ക് പരാതി നൽകിയിരുന്നു.

അതേസമയം പരസ്യ പ്രചാരണം അവസാനിക്കാൻ 5 ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വരും ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഉൾപ്പെടേയുള്ള താര പ്രചാരകർ അവസാനഘട്ട പ്രചാരണം ഇളക്കി മറിക്കാനെത്തും.

ശബരിമല സ്വർണക്കൊള്ള, സി.പി.എം-ബിജെപി ഡീൽ ആരോപണം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി തന്നെയായിരിക്കും യു.ഡി.എഫ് മുന്നോട്ട് പോവുക. വയനാട് ഫണ്ട് വിവാദം ഉയർത്തി എൽ.ഡി.എഫ് പ്രതിരോധം തീർക്കും. സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തും. അവസാന ദിവസങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടങ്ങൾ നടക്കുന്ന മണ്ഡലങ്ങളിലായിരിക്കും താര പ്രചാരകർ ശ്രദ്ധയൂന്നുക.

അതിനിടെ സിപിഎമ്മിനെതിരെ വ്യാജ വോട്ട് ആക്ഷേപം ഉയർത്തി തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദൻ ഹൈക്കോടതിയിൽ. ആബ്സൻ്റ് – ഡെത്ത് ഷിഫ്റ്റ് വോട്ടർ പട്ടിക തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പട്ടിക എല്ലാ ബൂത്തുകളിലെയും പോളിങ് ഓഫീസർമാർക്ക് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണം. സിപിഎം കോട്ടകളിൽ വ്യാജവോട്ടിന് സാധ്യതയുണ്ട്. സിപിഎം വൻതോതിൽ വ്യാജ വോട്ട് ചേർത്തുവെന്നും ടി.കെ.ഗോവിന്ദൻ ആരോപിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: