താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ

തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും അന്ത്യശാസനം നൽകിയിരിക്കെ,താൽക്കാലിക വെടിനിർത്തൽ നിർദേശം തള്ളി ഇറാൻ . താൽക്കാലിക വെടിനിർത്തൽ യുദ്ധം പുനരാരംഭിക്കാനുള്ള സമയം കണ്ടെത്തലാണ്. യുദ്ധം സമ്പൂർണമായും അവസാനിപ്പിക്കണം എന്നതാണ് ഇറാന്റെ നിലപാട്. താൽക്കാലിക വെടിനിർത്തലിനായി ഹോർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

കരയുദ്ധമുണ്ടായാൽ നേരിടാനുള്ള തയാറെടുപ്പുകളും ഇറാൻ കൈക്കൊള്ളുകയാണ്. പൊരുതാൻ തയാറായ 12 ദശലക്ഷം സാധാരണക്കാരെ സൈന്യത്തോടൊപ്പം അണിനിരത്തും. രജിസ്ട്രേഷന് 10 നാൾ നീളുന്ന കാമ്പയിൽ ആരംഭിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. അടിയന്തര വെടിനിർത്തലിനുള്ള നിർദേശം പാകിസ്ത‌ാൻ ഇറാന് മുന്നിൽവെച്ചിട്ടുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ അന്ത്യശാസനം നൽകി തീരുമാനമെടുപ്പിക്കാനുള്ള യുഎസിന്റെ സമ്മർദ തന്ത്രത്തിന് വഴങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്.

ബുഷേർ ആണവ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അന്താരാഷ്ട്ര ആണവോർജ സമിതിയുടെ നിസ്സംഗ നിലപാടിനെ ഇറാൻ വിമർശിച്ചു. ആണവ വികിരണം സംഭവിച്ചാൽ മേഖലയെയാകെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. നയതന്ത്രത്തിലൂടെ പ്രശ്ന പരിഹാരത്തിനുള്ള വഴി തകർത്തത് അമേരിക്കയാണ്. പുറത്ത് പറയുന്നതല്ല അമേരിക്കയുടെ ഉള്ളിലിരിപ്പും പ്രവർത്തനവും എന്ന് ലോകത്തിന് നന്നായി അറിയാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇറാനിൽ അമേരിക്ക തുടരുന്ന ഭീകര പ്രവർത്തനങ്ങൾ നയതന്ത്രം ആ രാജ്യം കൈവെടിഞ്ഞു എന്നതിൻ്റെ തെളിവാണ്. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന നിർദേശം അങ്ങേയറ്റം അത്യാഗ്രഹവും യുക്തിഹീനവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗാഈ പറഞ്ഞു. മേഖലയിൽ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷക്ക് അമേരിക്ക ഒന്നും ചെയ്യുന്നില്ല. ഇസ്രായേലിന്റെ മാത്രം നിലനിൽപ്പിന് വേണ്ടിയാണ് അമേരിക്ക ശ്രമിക്കുന്നത്. അമേരിക്കക്കുള്ള മറുപടി ഉചിത സമയത്ത് പ്രഖ്യാപിക്കും.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: