തിരുവനന്തപുരം: 23 ദിവസത്തെ തീവ്ര പ്രചാരണത്തിനൊടുവിൽ കേരളത്തിൽ ഇന്ന് നിശ്ശബ്ദ പ്രചാരണം. നാളെയാണ് പതിനാറാം കേരള നിയമസഭയെ തിരഞ്ഞെടുക്കാനുള്ള നിർണായക വോട്ടെടുപ്പ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. ആകെ 883 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2.71 കോടി വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക.
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ മുതൽ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. ഏകദേശം 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്നത്. വോട്ടർമാരുടെ സൗകര്യം ഉറപ്പാക്കാൻ കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലായി 24 അധിക സഹായ പോളിങ് ബൂത്തുകളും സജ്ജമാക്കും. ഒരു ബൂത്തിൽ പരമാവധി 1200 വോട്ടർമാർ എന്ന മാനദണ്ഡം പാലിക്കാൻ മുൻ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാൾ അയ്യായിരത്തിലധികം ബൂത്തുകൾ വർധിപ്പിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്നസാധ്യതയുള്ള 2040 ബൂത്തുകളിൽ 160 കമ്പനി കേന്ദ്രസേനയെ വിന്യസിക്കും. കേരള പൊലീസ്, സ്പെഷൽ പൊലീസ്, വോളണ്ടിയർമാർ എന്നിവരുമായി ചേർന്ന് ആകെ 76,000 സുരക്ഷാ ഉദ്യോഗസ്ഥരാണ് രംഗത്തുണ്ടാകുക.
വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ അഭിപ്രായ സർവേകൾക്ക് വിലക്കുണ്ട്. ഈ മാസം 29 വരെ എക്സിറ്റ് പോളുകളും അനുവദിക്കില്ല. കൂടാതെ, ഇന്നലെ മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന നാളെ വൈകിട്ട് 6 വരെ, വോട്ടെണ്ണൽ നടക്കുന്ന മേയ് 4 നും സംസ്ഥാനത്ത് മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്. അതിർത്തി ജില്ലകളിലും ഈ നിയന്ത്രണം ബാധകമാണ്


