തിരുവനന്തപുരം: തീപാറുന്ന പ്രചാരണങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ നടന്ന പോളിങ് പൂർത്തിയാക്കി സംസ്ഥാനത്തെ വോട്ടർമാർ. കടുത്ത ചൂടിനെ അവഗണിച്ചും വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. വൈകുന്നേരം അഞ്ച് മണി പിന്നിടുമ്പോൾ തന്നെ പോളിങ് 75 ശതമാനം കടന്നിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉയർന്ന പോളിങ് നിരക്കാണ് ഇത്തവണ ദൃശ്യമായത്. വോട്ടർ പട്ടിക പുതുക്കിയതും വോട്ടിങ് ശതമാനം വർധിക്കാൻ കാരണമായിട്ടുണ്ട്. അന്തിമ പോളിങ് ശതമാനം ലഭ്യമായിട്ടില്ല. ആറു മണിവരെയാണ് വോട്ടെടുപ്പ് സമയപരിധിയെങ്കിലും ചില ബൂത്തുകളിൽ വോട്ടർമാർ വരിയിലാണ്. ഇനി മെയ് 4-ലെ വോട്ടെണ്ണൽ ഫലത്തിനായി മുന്നണികൾ നെഞ്ചിടിപ്പോടെയുള്ള കാത്തിരിപ്പിലാണ്.
കേരളത്തേക്കാൾ കൂടുതൽ പോളിങ് ശതമാനമാണ് ഇന്ന് വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും രേഖപ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് അഞ്ചുവരെയുള്ള കണക്കുകൾ പ്രകാരം അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും രേഖപ്പെടുത്തിയിട്ടുണ്ട്.
പലയിടത്തും കള്ളവോട്ട് ആരോപണങ്ങളുയർന്നു. ഇതിനെ തുടർന്ന് ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. നാദാപുരം മണ്ഡലത്തിലെ വാണിമേൽ എം.യു.പി. സ്കൂളിൽ മറ്റൊരാളുടെ വോട്ടർ ഐഡിയുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ കള്ളവോട്ട് ആരോപിച്ച് പിടികൂടി. ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്കായി വോട്ട് അഭ്യർത്ഥച്ച് എൻഡിഎ സ്ഥാനാർഥിയുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടത് വിവാദമായി. പോസ്റ്റ് പിന്നാലെ പിൻവലിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റെന്നാണ് എൻഡിഎ സ്ഥാനാർഥിയുടെ വാദം.
കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ വോട്ടെടുപ്പിനിടെ യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിന് നേരെ നായ്ക്കുരണപ്പൊടി പ്രയോഗിച്ചതായി പരാതി ഉയർന്നു. ഉതിരനൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലാണ് മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ രതിലയ്ക്ക് നേരെ ആക്രമണമുണ്ടായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇവരെ തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

