ഡൽഹി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ആർ എൽ നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ. അന്വേഷണം നടത്തി 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്ഥാന ഡിജിപിയോട് കമ്മീഷൻ ആവശ്യപ്പെട്ടു
അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. അന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‍യു പ്രവർത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കോളേജിലെ മറ്റ് വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി എടുക്കും. ആരോപണ വിധേയരായി സസ്‌പെന്റ് ചെയ്യപ്പെട്ട ഡോ. എം കെ റാം, ഡോ. കെ ടി സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ അറസ്റ്റ് സാധ്യത ഉള്ളതിനാൽ ഇവർ മാറി നിൽക്കുകയാണെന്നാണ് നിഗമനം. സംഭവത്തിൽ രണ്ട് എഫ്ഐആറാണ് പോലീസ് ഇട്ടിരിക്കുന്നത്. ഒന്നാമത്തേത് തിൻ രാജിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ടുള്ള എഫ്ഐആറാണ്, മറ്റൊന്ന് നിതിൻ രാജ് വായ്പ എടുത്തതായി പറയുന്ന ലോൺ ആപ്പിനെതിരെയാണ്. അതേസമയം, ലോൺ ആപ്പിനെതിരെ ഇന്നലെ പോലീസ് ഇട്ട എഫ്‌ഐആറിൽ ചില പൊരുത്തക്കേടുകളുണ്ടെന്നാണ് വിവരം.
അതിനിടെ, ലോണാപ്പിന്റെ ഭീഷണിയെപറ്റി അധ്യാപകര്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നില്ലെന്ന് നിതിന്റെ പിതാവ് ആരോപിച്ചു. വീട്ടുകാരുടെ അറിവോടെ തന്നെയായിരുന്നു നിതിൻ ലോൺ ആപ്പ് വഴി അമ്മയുടെ ചികിത്സാ ചിലവിനായായി പണം കടം എടുത്തിരുന്നത്. എന്നാൽ ആ പണം മുഴുവൻ തിരിച്ച അടയ്ക്കുകയും ചെയ്തിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അധ്യാപികയ്ക്ക് ലോണ്‍ ആപ്പില്‍ നിന്നും ഭീഷണി വന്നിട്ടുണ്ടെങ്കില്‍ അത് രക്ഷിതാക്കളെ അറിയിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വെറുതെ പണം ചിലവാക്കുന്ന ആളല്ല നിതിൻ എന്നും പിതാവ് കൂട്ടിച്ചേർത്തു.
അതേസമയം, നിതിന്‍ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കാണാൻ കുടുംബത്തിന്റെ തീരുമാനം. മരണം ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ച് പറയുമ്പോഴും ദുരൂഹത ആരോപിക്കുകയാണ് കുടുംബം. നിതിന്‍ കടുത്ത ജാതി അധിക്ഷേപം നേരിട്ടിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖകള്‍ ഇന്നലെ പുറത്തു വന്നിരുന്നു.


