കൊല്ലം: കൊല്ലത്ത് ചിറയിൽ നീന്തുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചക്കുവള്ളി പള്ളിശ്ശേരിക്കൽ ചിറയുടെ തെക്കതിൽ ബാബു ആണ് മരിച്ചത്. സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് കുളത്തിൽ നീന്താനിറങ്ങിയാതായിരുന്നു ബാബു. നീന്തുന്നതിനിടെ ചിറയിൽ മുങ്ങിത്താഴുകയായിരുന്നു. ചിറ നീന്തികടന്ന് അക്കരെ പോയി തിരികെ വരാമെന്നായിരുന്നു ബാബു സുഹൃത്തുക്കളുമായി ബെറ്റ് വെച്ചത്. എന്നാൽ നീന്താൻ തുടങ്ങി നിമിഷങ്ങൾക്കകം തന്നെ ബാബു വെള്ളത്തിൽ താഴ്ന്നു പോവുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബാബു മുങ്ങിത്താഴുന്നതായി കണ്ട ഉടൻ തന്നെ സുഹൃത്തുക്കളും പരിസരവാസികളും ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് കൊല്ലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തിരച്ചിൽ നടത്തിയത്. എങ്കിലും മൃതദേഹം കാണെതാണ് കഴിഞ്ഞിരുന്നില്ല. ഇന്ന് തിരച്ചിൽ തുടർന്നപ്പോൾ രാവിലെ ആറ് മണിയോടെ സ്കൂബാ ടീം ആണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും


