കൊച്ചി: ദേശീയപാതകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഇനി കർശന നിയന്ത്രണങ്ങൾ. അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ പുതിയ ടോൾ ചട്ടങ്ങൾ നടപ്പിലാക്കി. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിയമങ്ങൾ റോഡ് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണവും ലക്ഷ്യമിട്ടുള്ളതാണ്.
പുതിയ ടോൾ നിരക്കുകൾ ഇങ്ങനെ—
10% വരെ അധിക ഭാരം – പിഴയില്ല
10% മുതൽ 40% വരെ അധിക ഭാരം – നിലവിലെ ടോൾ നിരക്കിന്റെ ഇരട്ടി
40% ന് മുകളിൽ അധിക ഭാരം – ടോൾ നിരക്കിന്റെ നാലിരട്ടി
കർശന നിരീക്ഷണവും ഡിജിറ്റൽ രേഖപ്പെടുത്തലും—
അമിതഭാരം കയറ്റിയ വാഹനങ്ങളുടെ വിവരങ്ങൾ ടോൾ പ്ലാസകളിൽ രേഖപ്പെടുത്തി അത് വഹാൻ പോർട്ടലിലേക്ക് കൈമാറണം എന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്തുടനീളം വാഹനങ്ങളുടെ ചലനം കൂടുതൽ സുതാര്യമായി നിരീക്ഷിക്കാനാകും.
അതേസമയം, വാഹനങ്ങളുടെ തൂക്കം പരിശോധിക്കാൻ സംവിധാനം ഇല്ലാത്ത ടോൾ പ്ലാസകളിൽ അധിക ടോൾ ഈടാക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ പേയ്മെന്റ് നിർബന്ധം
ടോൾ പണമടയ്ക്കൽ ഇനി പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നു.
ഫാസ്റ്റാഗ്, യുപിഐ എന്നിവയിലൂടെയോ, കേന്ദ്ര സർക്കാർ നിർദേശിക്കുന്ന മറ്റ് ഇലക്ട്രോണിക് മാർഗങ്ങളിലൂടെയോ മാത്രമേ പണമടയ്ക്കാൻ സാധിക്കൂ. ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് അതിനുള്ള പിഴയും കൂടാതെ ബാധകമാകും.
റോഡുകളുടെ ദീർഘായുസ്സും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ കർശന നടപടികൾ. ഇനി മുതൽ അമിതഭാരം കയറ്റിയുള്ള യാത്ര വലിയ ചെലവായി മാറും. നിയമങ്ങൾ പാലിച്ച് സുരക്ഷിതമായ യാത്ര തുടരുക എന്നതാണ് ഡ്രൈവർമാർക്ക് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം.

