കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരണപ്പെട്ട നിതിൻ രാജിന്റെ നിശ്ചയദാർഢ്യം വെളിപ്പെടുത്തുന്ന പുതിയ ശബ്ദരേഖകൾ പുറത്തുവന്നു. പ്രതിസന്ധികൾ എന്തുതന്നെയായാലും പഠനം പൂർത്തിയാക്കി ഡോക്ടറായി മാത്രമേ മടങ്ങൂ എന്ന് നിതിൻ സുഹൃത്തിന് അയച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ചില അധ്യാപകർ തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അറിയിക്കണമെന്ന് അവർ നിർദ്ദേശിച്ചതായും ഓഡിയോയിലുണ്ട്.
അതേസമയം തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.


