കൊല്ലം: വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് സ്വര്‍ണവും പണവും തട്ടാന്‍ ശ്രമിച്ച കേസില്‍ പോലിസുകാരന്‍ അറസ്റ്റില്‍. അടൂര്‍ കെഐപി മൂന്നാം ബറ്റാലിയനിലെ സിപിഒയും ശൂരനാട് സ്വദേശിയുമായ അവിനാഷ് സുരേന്ദ്രനെയാണ് ശൂരനാട് പോലിസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിക്ക് മുന്‍പരിചയമുണ്ടായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ആറു വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത സമയത്തെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്ന് അവിനാഷ് കൈപ്പറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും തുടര്‍ന്ന് മാതാവിന്റെ വാട്‌സ്ആപ്പിലേക്ക് അയയ്ക്കുകയും ചെയ്തുവെന്നാണ് കേസ്. മറ്റൊരാളാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന രീതിയില്‍ നടിച്ച്, കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവരാതിരിക്കാനായി സ്വര്‍ണാഭരണങ്ങളും പണവും നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പോലിസ് പറഞ്ഞു.
15 പവന്‍ സ്വര്‍ണം ലഭിക്കാത്ത പക്ഷം കൂടുതല്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ശൂരനാട് പോലിസില്‍ പരാതി നല്‍കുകയായിരുന്നു. റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരം ശാസ്താംകോട്ട ഡിവൈഎസ്പി പ്രസാദിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി. പോലിസ് ശേഖരിച്ച സൈബര്‍ തെളിവുകളാണ് പ്രതിയെ കുടുക്കാന്‍ നിര്‍ണായകമായത്. എസ്എച്ച്ഒ എസ് ശ്രീകുമാര്‍, എസ്‌ഐ പ്രശാന്ത്, സിപിഒ അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ഥിരമായി ജോലിയില്‍ ഹാജരാകാതിരിക്കുകയും കൃത്യവിലോപം കാണിക്കുകയും ചെയ്തതിനാല്‍ പ്രതിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികള്‍ പൂര്‍ത്തിയായതായാണ് വിവരം.


