ന്യൂഡൽഹി: രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പൂർത്തിയായ എസ്‌ഐആർ പ്രക്രിയ വലിയൊരു വിഭാഗം ജനങ്ങളെ പൗരത്വ പ്രതിസന്ധിയിലേക്കും കടുത്ത സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രായപൂർത്തിയായ ആളുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തമ്മിൽ 7 കോടിയിലധികം വ്യത്യാസമുണ്ടെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു.
5 കോടി ജനങ്ങൾ വോട്ടുപട്ടികയ്ക്ക് പുറത്ത്
2024-25 വർഷത്തെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ഏകദേശം 5 കോടിയോളം പേർ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സ്ഥലത്തില്ലാത്തവർ , താമസം മാറിയവർ, ഇരട്ടിപ്പ് ഉള്ളവർ, മരണപ്പെട്ടവർ എന്നീ പട്ടികയിൽ ഉൾപ്പെട്ടവരും ‘ലോജിക്കൽ ഡിസ്‌ക്രപൻസി’ വിഭാഗത്തിൽ പെട്ടവരെയുമാണ് ഒഴിവാക്കിയത്. ഗുജറാത്തിലും ഉത്തർപ്രദേശിലും ഒഴിവാക്കപ്പെട്ടവരുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടുള്ള പ്രായപൂർത്തിയായ ജനസംഖ്യയുടെ 17 ശതമാനത്തിലധികമാണ്. വ്യത്യസ്തങ്ങളായ കുടിയേറ്റ സ്വഭാവമുള്ള ഈ രണ്ട് സംസ്ഥാനങ്ങളെയും ഈ ഒഴിവാക്കൽ ഒരേ രീതിയിലാണ് ബാധിച്ചിരിക്കുന്നത്.
‘സാധാരണ താമസക്കാരൻ’ ആരാണ്? നിർവചനമില്ല
ജനപ്രാതിനിധ്യ നിയമം (1950) സെക്ഷൻ 20(7) അനുസരിച്ച് ഒരാൾ എവിടെയാണോ സാധാരണയായി താമസിക്കുന്നത് അവിടെയാണ് വോട്ടവകാശം ഉണ്ടാകേണ്ടത്. എന്നാൽ, കേന്ദ്ര സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ‘സാധാരണ താമസക്കാരൻ’ എന്നതിന് കൃത്യമായ ചട്ടങ്ങളോ നിർവചനങ്ങളോ ഉണ്ടാക്കിയിട്ടില്ല. അതിനാൽ ഡൽഹി പോലുള്ള നഗരങ്ങളിൽ താൽക്കാലിക സേവനത്തിനെത്തുന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കും എൽപിജി സിലിണ്ടർ ക്ഷാമത്തെത്തുടർന്ന് സൂററ്റ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വന്ന സാധാരണ തൊഴിലാളികൾക്കും തങ്ങളുടെ വോട്ടവകാശം നിലനിർത്തൽ വെല്ലുവിളിയാണ്.
വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതര പൗരന്മാരായി കാണണമെന്ന ആവശ്യങ്ങൾ ഉയരുന്നുണ്ട്. പശ്ചിമബംഗാളിലും ബിഹാറിലും വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന രീതിയിലുള്ള റിപ്പോർട്ടുകളുമുണ്ട്. ഇങ്ങനെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ പോലും റദ്ദാക്കാൻ ബിഹാർ സർക്കാർ ഒരുങ്ങുന്നതായി വാർത്ത റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിൽ റേഷൻ കാർഡുകൾ റദ്ദാക്കപ്പെടാനും പൊതു-സ്വകാര്യ മേഖലകളിലെ തൊഴിൽ നഷ്ടപ്പെടാനും, കുട്ടികൾക്ക് സ്‌കൂൾ പ്രവേശനം നിഷേധിക്കപ്പെടാനും ഇത് കാരണമായേക്കാം എന്ന് ആശങ്കയുണ്ട്. ആധാർ കാർഡുകൾ വരെ റദ്ദാക്കപ്പെടുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കാം. വോട്ടവകാശം വ്യക്തിഗതമാണെങ്കിലും ഒരാൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അത് ഒരു കുടുംബത്തെ മുഴുവൻ ബാധിക്കുന്നു.
പൗരത്വ നിയമവും എസ്‌ഐആറും
ഇന്ത്യൻ പൗരത്വം നിശ്ചയിക്കുന്നത് 1955-ലെ പൗരത്വ നിയമപ്രകാരമാണ്. ഒരു വ്യക്തിയുടെ പൗരത്വം റദ്ദാക്കാനോ വിദേശിയായി പ്രഖ്യാപിക്കാനോ ഉള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മാത്രമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വോട്ടർ പട്ടിക പുതുക്കൽ വഴി വലിയൊരു വിഭാഗം ജനങ്ങൾക്ക് പൗരത്വം തന്നെ നഷ്ടമാകുന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. സുപ്രിം കോടതിയുടെ മേൽനോട്ടത്തിൽ അസമിൽ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് തയ്യാറാക്കിയപ്പോൾ ഉണ്ടായതിന് സമാനമായ വ്യവഹാരങ്ങൾക്ക് ഇത് കാരണമാവും.
‘ഫോം 7’ ദുരുപയോഗം ചെയ്യപ്പെടുന്നു
വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനോ ആക്ഷേപം ഉന്നയിക്കുന്നതിനോ ഉപയോഗിക്കുന്ന ‘ഫോം 7’-ന്റെ നിബന്ധനകളിൽ👍🏼 2022-ൽ വരുത്തിയ മാറ്റങ്ങൾ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. മുൻപ് ഒരു പ്രത്യേക വാർഡിലോ ഭാഗത്തോ ഉള്ളവർക്ക് മാത്രമേ ആക്ഷേപം ഉന്നയിക്കാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിൽ, ഇപ്പോൾ ആ മണ്ഡലത്തിലെ ഏത് വോട്ടർക്കും മറ്റൊരാളുടെ പേര് നീക്കം ചെയ്യാൻ അപേക്ഷിക്കാം. ഇത് സാധാരണക്കാരായ പാവപ്പെട്ടവരെയും നിരക്ഷരരെയും ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


