കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ എറണാകുളം ജില്ലാ കൗൺസിലിൽ കടുത്ത വിമർശനം. പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിലും സ്ഥാനാർഥി നിർണയത്തിലും ഉണ്ടായ വീഴ്ചകളാണ് പരാജയത്തിന് കാരണമായതെന്ന് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു.
സി.കെ ചന്ദ്രപ്പന് ശേഷം പാർട്ടിയെ ശക്തമായി നയിക്കാൻ കഴിയുന്ന സംസ്ഥാന സെക്രട്ടറിയെ സിപിഐയ്ക്ക് ലഭിച്ചിട്ടില്ലെന്ന വിമർശനവും ഉയർന്നു. നാദാപുരത്ത് സത്യൻ മൊകേരിയുടെ ഭാര്യ പി. വസന്തത്തെ സ്ഥാനാർഥിയാക്കിയ തീരുമാനം വലിയ തിരിച്ചടിക്ക് വഴിവെച്ചതായും, അത്തരം തീരുമാനങ്ങൾക്ക് പാർട്ടി നേതൃത്വം പിന്തുണ നൽകിയതായും ചില അംഗങ്ങൾ ആരോപിച്ചു.
മുൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. ചടയമംഗലത്ത് വീണ്ടും മത്സരിച്ച ചിഞ്ചുറാണിയുടെ പ്രവർത്തനശൈലി പാർട്ടിക്കുള്ളിലെ വിഭാഗീയത വർധിപ്പിച്ചുവെന്നും, കൊല്ലം ജില്ലയിൽ സിപിഐയുടെ ആഭ്യന്തര പ്രശ്നങ്ങൾക്ക് കാരണക്കാരിലൊരാളാൾ ചിഞ്ചുറാണിയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ശനിയാഴ്ച നടന്ന ജില്ലാ എക്സിക്യുട്ടീവ് യോഗത്തിലും സമാന വിമർശനങ്ങൾ ഉയർന്നിരുന്നു. അതിന്റെ തുടർച്ചയായാണ് ജില്ലാ കൗൺസിലിലും നേതൃത്വത്തിനെതിരായ അതൃപ്തി തുറന്നുപറഞ്ഞത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വശേഷിയെയും ചില അംഗങ്ങൾ ചോദ്യം ചെയ്തു. പല വിഷയങ്ങളിലും അദ്ദേഹം വൈകാരികമായ പ്രതികരണങ്ങളാണ് നടത്തുന്നതെന്നും, അത് പാർട്ടിക്ക് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നില്ലെന്നുമായിരുന്നു വിമർശനം. കൂടാതെ, സിപിഐ ദീർഘകാലമായി സിപിഎമ്മിന്റെ “ബി ടീം” എന്ന നിലയിലേക്ക് ചുരുങ്ങിയെന്ന കടുത്ത വിമർശനവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുണ്ട്


